മരച്ചില്ല വെട്ടുന്നതിനിടെ കൈമുറിഞ്ഞു; 40 അടി ഉയരത്തിൽ കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി രക്ഷിച്ചു
text_fieldsശ്രീകണ്ഠപുരം: 40 അടി ഉയരമുള്ള തേക്കുമരത്തിൽ കൊമ്പ് വെട്ടുന്നതിനിടെ കൈമുറിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ താഴെയിറക്കി അഗ്നിരക്ഷാസേന. മുല്ലക്കൊടിയിലെ അറാകാവിൽ മോഹനെൻറ പറമ്പിലെ തേക്കിെൻറ ശാഖകൾ വെട്ടാൻ കയറിയ കയരളം കൊഴുപ്പാട് സ്വദേശി ജനാർദനനെയാണ് (40) സാരമായ പരിക്കുകളോടെ തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
മരത്തിെൻറ മുകൾഭാഗത്തെ കൊമ്പ് വെട്ടുന്നതിനിടെ കത്തിവാൾ തെന്നിമാറി അബദ്ധത്തിൽ ജനാർദനെൻറ ഇടത് കൈയിൽ പതിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ് കൈഞരമ്പ് മുറിഞ്ഞുപോയിരുന്നു. ഇതോടെ രക്തം വാർന്ന് അബോധാവസ്ഥയിൽ ജനാർദനൻ മരക്കൊമ്പിൽ കുടുങ്ങിക്കിടന്നു.
ഇതുകണ്ട വീട്ടുടമ പരിസരവാസികളെ വിവരമറിയിച്ചു. ഉടൻ പ്രദേശവാസിയായ രാജീവൻ മരത്തിൽകയറി മുറിവിൽ കെട്ടിയശേഷം, താഴെ വീഴാതിരിക്കാനായി ജനാർദനനെ മരത്തോട് ചേർത്ത് കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് അഗ്നിരക്ഷാനിലയം ഓഫിസർ കെ.പി. ബാലകൃഷ്ണൻ, ഫയർ ഓഫിസർമാരായ ഡ്രൈവർ എം.സി. ദിലീപ്, പി. വിപിൻ എന്നിവർ മരത്തിൽ കയറി ജനാർദനനെ വലയിൽ കെട്ടി താഴെയിറക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ വണ്ടിയിൽതന്നെ തളിപ്പറമ്പ് സഹകരണാശുപത്രിയിലെത്തിച്ചു. മുറിവ് ഗുരുതരമായതിനാൽ ജനാർദനനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.