കേന്ദ്ര സർവകലാശാലയിൽ ഗവേഷണ ഫീസ് കുത്തനെ കൂട്ടി
text_fieldsകാസർകോട്: വിദ്യാർഥികളെ ഞെട്ടിച്ചുകൊണ്ട് കേന്ദ്ര സർവകലാശാലയിൽ ഗവേഷക വിദ്യാർഥികളുടെ ഫീസ് കുത്തനെ കൂട്ടി. സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിലിന്റേതാണ് തീരുമാനം. എല്ലാവർഷവും 10 ശതമാനം വീതം ഫീസ് വർധിപ്പിക്കാൻ സർവകലാശാല എക്സിക്യൂട്ടിവ് എടുത്ത തീരുമാനം കൃത്യമായി നടപ്പാക്കിത്തുടങ്ങിയതോടെ വിദ്യാർഥികൾക്ക് താങ്ങാവുന്നതിന്‍റെ പരിധി വിട്ടിരിക്കുകയാണ്. ഒ.ബി.സി ജനറൽ വിഭാഗത്തിനും നോൺക്രീമിലെയർ വിഭാഗത്തിനും ഒരേ ഫീസാണ് ഈടാക്കുന്നത്.
ഇവർക്ക് ആകെ ഫീസ് (സയൻസ്) 33,250ൽ നിന്ന് 37,630 ആയി വർധിപ്പിച്ചു. എസ്.സി-എസ്.ടി വിഭാഗത്തിന്‍റെ ഫീസ് 32,590ൽ നിന്ന് 36,910ലേക്ക് ഉയർത്തി. ഓരോവർഷവും 10 ശതമാനം വർധിപ്പിക്കാൻ ഈ രീതിയിൽ തീരുമാനിച്ചാൽ ഈ വിഭാഗം വിദ്യാർഥികൾക്ക് കേന്ദ്ര സർവകലാശാലയിൽ റിസർച് നടത്താൻ കഴിയാതെവരും. എസ്.സി-എസ്.ടി വിദ്യാർഥികൾ 36,000 രൂപയാണ് പ്രവേശനസമയത്ത് അടക്കേണ്ടത്. ഇത് തിരികെ ലഭിക്കുന്ന പണമാണെങ്കിലും പ്രവേശനസമയത്ത് നിർബന്ധമായും ഈടാക്കുകയാണ്.
ജെ.ആർ.എഫ് വിദ്യാർഥി എസ്.ആർ.എഫിലേക്ക് മാറുമ്പോൾ പ്രത്യേകമായി അടക്കേണ്ടത് 5000 രൂപയാണ്. പ്രത്യേക ഫാക്കൽറ്റിയെ ക്ഷണിച്ചുവരുത്തി നൽകുന്ന പ്രതിഫലത്തുകയാണിത്. എന്നാൽ, അങ്ങനെയൊരു പുതിയ ആൾ സർവകലാശാലയിൽ ഉണ്ടാകാറില്ല. അത് പുതിയതായി ഏർപ്പെടുത്തിയ ഫീസാണ്. തീസിസ് അഡ്ജുഡിക്കേഷൻ ഫീസ് (പരിശോധന) 6600 രൂപ ഈടാക്കുന്നുണ്ട്. അത് വർധിപ്പിച്ചിട്ടില്ല. സമാന പരിശോധന പ്രക്രിയയാണ് തീസിസ് ഇവാല്വേഷൻ. അതിന് പ്രത്യേകമായാണ് മറ്റൊരു ഫീസ് വാങ്ങുന്നത്.
തീസിസ് ഇവാല്വേഷൻ ഫീസ് 9080 രൂപയാണ് ഈടാക്കുന്നത്. ഒരേ കാര്യത്തിന് രണ്ടുതരം ഫീസ് വാങ്ങുന്നത് ഓവർ ലാപിങ് ഫീസ് എന്ന് വിദ്യാർഥികൾ പറയുന്നു. പുതിയ പിഎച്ച്.ഡിക്കാരുടെ പ്രവേശനത്തിന് പ്രോസസിങ് ഫീസ് വാങ്ങുന്നുണ്ട്. ഇവാല്വേഷൻ ഫീസ് എന്നപേരിലും 1000 രൂപ വാങ്ങുകയാണ്. യൂനിവേഴ്സിറ്റി അഭിമുഖം മാത്രമാണ് നടക്കുന്നത്. ഒരുതരത്തിലുള്ള മൂല്യപരിശോധനയും ഇക്കാര്യത്തിൽ നടക്കുന്നില്ല. 35ഓളം ഇനത്തിലാണ് ഫീസ് ഈടാക്കുന്നത്. വിദ്യാർഥികൾ ഇപ്പോൾ പ്രത്യക്ഷസമരത്തിലേക്ക് കടന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.