ഗവേഷണതുക അശാസ്ത്രീയ കാര്യങ്ങൾക്ക് ചെലവഴിക്കുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാജ്യത്ത് ഗവേഷണ മേഖലയിൽ ചെലവഴിക്കുന്ന തുകയിൽ ഒരുഭാഗം അശാസ്ത്രീയ കാര്യങ്ങൾക്കായി ചെലവഴിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബ്രിക്സ് രാജ്യങ്ങളിൽ ഏറ്റവും കുറവ് തുക ഗവേഷണത്തിനായി ചെലവഴിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് വിഷയമേഖലകളിലും മികവ് തെളിയിച്ച ഒട്ടേറെ മലയാളി ഗവേഷക പ്രതിഭകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. എന്തുകൊണ്ട് ഈ ഗവേഷക പ്രതിഭകൾക്ക് രാജ്യത്തിനകത്ത് മികവ് തെളിയിക്കാൻ കഴിയുന്നില്ലെന്നത് സ്വയം വിമർശന പരമായി പരിശോധിക്കണം.
നവകേരള ഫെലോഷിപ് ലഭിച്ചവർക്ക് ഇതിന് കഴിയണം. മറ്റ് നാടുകളിലെ മലയാളി ഗവേഷക പ്രതിഭകളുടെ അറിവ് ഉപയോഗപ്പെടുത്തുന്ന ബ്രെയിൻ ഗെയ്ൻ പദ്ധതി കേരളത്തിലും നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 68 പേർക്കാണ് രണ്ടാം ഘട്ടത്തിൽ ഫെലോഷിപ് നൽകിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷതവഹിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.