ജീവപര്യന്തം തടവുകാരന് പരോളിലിറങ്ങാൻ ‘കേരള’യിൽ ഗവേഷണ തന്ത്രം
text_fieldsതിരുവനന്തപുരം: കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന സി.പി.എമ്മുകാരന് പരോളിലിറങ്ങാൻ കേരള സർവകലാശാല സിൻഡിക്കേറ്റിനെ കൂട്ടുപിടിച്ച് ‘ഗവേഷണ തന്ത്രം’. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എസ്.എഫ്.ഐ പ്രവർത്തകൻ കെ. ധനേഷിനാണ് പിഎച്ച്.ഡി രജിസ്ട്രേഷൻ നൽകി പുറത്തിറക്കാൻ നീക്കം നടക്കുന്നതായി ആരോപണമുയർന്നത്. വിഷയം പരിശോധിച്ച സിൻഡിക്കേറ്റ് തുടർനടപടികൾക്കായി രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പിഎച്ച്.ഡി രജിസ്ട്രേഷന്‍റെ രേഖകൾ കോടതിയിലും സർക്കാറിലും ഹാജരാക്കിയാൽ ഗവേഷണകാലമായ അഞ്ച് വർഷവും പരോളിൽ പുറത്ത് നിൽക്കാനാകും.ഇതേ രീതിയിൽ, കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവെ കോവിഡ് കാലത്ത് കോടതി ഉത്തരവിലൂടെ പരോളിലിറങ്ങിയാണ് ധനേഷ് കണ്ണൂർ യൂനിവേഴ്സിറ്റിയിൽനിന്ന് എൽഎൽ.എം പഠനം പൂർത്തിയാക്കിയത്. തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ പരിശീലനത്തിനും പ്രത്യേക പരോൾ അനുവദിച്ചെങ്കിലും പരീക്ഷ വിജയിച്ചില്ല.
ഗവേഷണത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈനായി അയക്കണമെന്ന ചട്ടം ലംഘിച്ചതിനാൽ ധനേഷിന്‍റെ രജിസ്ട്രേഷൻ സർവകലാശാല തടഞ്ഞുവെച്ചിരുന്നു. ഓൺലൈനായി അപേക്ഷ സൗകര്യം ജയിലിൽ ഇല്ലാത്തതിനാൽ നിശ്ചിത രീതിയിൽ അപേക്ഷിക്കാനായില്ലെന്ന് സർവകലാശാലയെ അറിയിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് പൂർണസമയ ഗവേഷകനാകാനാകില്ലെന്ന് സർവകലാശാല ഉദ്യോഗസ്ഥർ നിലപാടെടുത്തെങ്കിലും അത് മറികടന്നാണ് സിൻഡിക്കേറ്റ് ഗവേഷണത്തിന് അനുമതി നീക്കം നടക്കുന്നത്. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതോടെ സർവകലാശാലയുടെ പ്രതിമാസ ഫെലോഷിപ്പിനും ധനേഷ് അർഹനാവും. കൂത്തുപറമ്പ് മൂര്യാട് ബി.ജെ.പി പ്രവർത്തകൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്ത് പ്രകാശനെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിലാണ് ധനേഷ് ഉൾപ്പെടെ പത്ത് സി.പി.എമ്മുകാർ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴക്കും ശിക്ഷിക്കപ്പെട്ടത്.
അതേസമയം പിഎച്ച്.ഡി പ്രവേശനത്തിനായി വൈകിയും അപൂർണവുമായി ലഭിച്ച പത്തോളം അപേക്ഷകളുടെ സാധുത പരിശോധിക്കാൻ മാത്രമാണ് സിൻഡിക്കേറ്റ് തീരുമാനിച്ചതെന്ന് സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ അറിയിച്ചു. ഇങ്ങനെയുള്ള അപേക്ഷകർക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചിട്ടില്ല. പരിശോധിച്ച് നിയമപ്രകാരം മാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും രജിസ്ട്രാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.