ഗവേഷക വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ; ഗൈഡിന്‍റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ
text_fieldsകൊല്ലങ്കോട്: കോയമ്പത്തൂർ അമൃത വിദ്യാലയത്തിലെ ഗവേഷക വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് പയ്യലൂർമുക്ക് ഓഷിയൻ ഗാർഡൻ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് (33) മരിച്ചത്. ശനിയാഴ്ച രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ എട്ടിമടയിലെ അമൃത വിദ്യാലയത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി വിദ്യാർഥിനിയാണ് കൃഷ്ണകുമാരി.
മൂന്ന് വർഷംകൊണ്ട് അവസാനിക്കേണ്ട പിഎച്ച്.ഡി, അഞ്ച് വർഷം കഴിഞ്ഞും പൂർത്തിയാക്കാൻ കൃഷ്ണകുമാരിക്ക് കഴിഞ്ഞിരുന്നില്ല. സമർപ്പിക്കുന്ന പേപ്പറുകൾ വിവിധ കാരണങ്ങൾ പറഞ്ഞ് ഗൈഡ് നിരാകരിക്കുകയും കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സഹോദരി രാധിക ആരോപിച്ചു. പരാതി നൽകിയിട്ടും ഗൈഡ് പീഡനം തുടർന്നതായി പിതാവ് കൃഷ്ണൻകുട്ടി പറഞ്ഞു. ഗൈഡിനും ഡീനുമെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു.
സംഭവത്തിൽ തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർദേശം നൽകുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. അതേസമയം, കൃഷ്ണകുമാരിയെ പീഡിപ്പിച്ചെന്ന ആരോപണം ഗൈഡ് ഡോ. രാധിക നിഷേധിച്ചു. സൗഹാർദത്തോടെയാണ് ഇടപെട്ടിരുന്നത്. പ്രബന്ധം കൂടുതൽ മികവുറ്റതാക്കാനാണ് തിരുത്ത് ആവശ്യപ്പെട്ടതെന്നും ഗൈഡ് പറഞ്ഞു.
കൃഷ്ണകുമാരിയുടെ മാതാവ്: രമാദേവി. സഹോദരങ്ങൾ: ജയലക്ഷ്മി, രാധിക, രാജലക്ഷ്മി. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.