എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം; ഡയറക്ടറുടെ സർക്കുലർ വിവാദത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനെച്ചൊല്ലി വിവാദം. 2021 നവംബർ എട്ടിന് ശേഷം നിയമിക്കപ്പെട്ട് അംഗീകാരം നേടിയ നിയമനങ്ങൾ മുഴുവൻ ദിവസവേതനാടിസ്ഥാനത്തിലേക്ക് മാറ്റാൻ നിർദേശിക്കുന്നതാണ് നവംബർ 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറെന്നാണ് അധ്യാപക സംഘടനകളും മാനേജ്മെൻറ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നത്. ഇത് എയ്ഡഡ് സ്കൂളുകളിൽ നിയമന പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് ആക്ഷേപം.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നത് വരെ 2021 നവംബർ എട്ടിന് ശേഷമുള്ള മറ്റ് നിയമനങ്ങൾ ദിവസ വേതനാടിസ്ഥാനത്തിൽ മാത്രമേ നടത്താൻ പാടുള്ളൂവെന്നും സർക്കുലറിൽ നിർദേശിക്കുന്നു. ഹൈകോടതി വിധിക്ക് വിരുദ്ധമായി ദിവസ വേതനാടിസ്ഥാനത്തിൽ അല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കി നൽകേണ്ടതും ഇത്തരം നിയമന ഉത്തരവുകൾ ദിവസവേതനത്തിൽ സമർപ്പിക്കുേമ്പാൾ മറ്റ് വിധത്തിൽ അർഹതയുണ്ടെങ്കിൽ അംഗീകരിച്ചു നൽകണമെന്നും സർക്കുലറിൽ പറയുന്നു. സർക്കുലറിലെ ഈ ഭാഗമാണ് വിവാദത്തിലേക്ക് വഴിവെച്ചത്. ഇത് 2021 നവംബർ എട്ടിന് ശേഷം നിയമിക്കപ്പെട്ടവരുടെ നിയമനാംഗീകാരം തടയുന്നതെന്നാണ് ആശങ്ക. ഭിന്നശേഷി സംവരണം സംബന്ധിച്ച ഹൈകോടതി വിധിക്ക് ശേഷം 2023 മാർച്ച് 24ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലെ ഒമ്പതാമത്തെ വ്യവസ്ഥ ഓർമപ്പെടുത്തുക മാത്രമാണ് പുതിയ സർക്കുലറിലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്. 2021 നവംബർ എട്ടിന് ശേഷമുണ്ടായ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകേണ്ടതും, ഭിന്നശേഷി സംവരണം പാലിക്കപ്പെടുന്ന മുറക്ക് മറ്റ് വിധത്തിൽ ക്രമപ്രകാരമെങ്കിൽ അത്തരം സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ തുടരുന്നവരെ നിയമന തീയതി മുതൽ റെഗുലറായി ക്രമീകരിക്കാവുന്നതാണെന്ന് 2023ലെ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.
അംഗീകരിച്ചവ പുനഃപരിശോധിക്കാൻ നിർദേശിച്ചിട്ടില്ല -മന്ത്രി
തിരുവനന്തപുരം: മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കാനോ, നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുനഃപരിശോധിക്കാനോ നിർദേശിച്ചിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത് സംബന്ധിച്ച മാധ്യമ വാർത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. ഹൈകോടതി വിധി പ്രകാരം 2021 നവംബർ എട്ടിന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് വരെ എയ്ഡഡ് സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നെന്നും ഇതുപ്രകാരമാണ് സർക്കുലറെന്നും മന്ത്രി വിശദീകരിച്ചു. കോടതി വിധിക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രൊപ്പോസലുകൾ തിരികെ നൽകാനും വിധി പാലിച്ച് സമർപ്പിക്കുമ്പോൾ അംഗീകരിക്കാനും നിർദേശം നൽകുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.