ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രവേശനത്തിന് രണ്ട് സംവരണ രീതി
text_fieldsതിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രവേശനത്തിന് വിദ്യാഭ്യാസ വകുപ്പിൽ രണ്ട് സംവരണ രീതി. വി.എച്ച്.എസ്.ഇയിൽ ഈഴവ/തിയ്യ/ബില്ലവ (ഇ.ടി.ബി) സംവരണ വിഭാഗത്തിന് ഒമ്പത് ശതമാനം സീറ്റ് സംവരണം നൽകുമ്പോൾ ഹയർസെക്കൻഡറിയിൽ ഇത് ഒരു ശതമാനം കുറവിൽ എട്ട് ശതമാനമാണ്.
വി.എച്ച്.എസ്.ഇയിൽ മുസ്ലിം സംവരണം എട്ട് ശതമാനമെങ്കിൽ ഹയർസെക്കൻഡറിയിൽ ഒരു ശതമാനം കുറവോടെ ഏഴ് ശതമാനവുമാണ്. ഒരേ വകുപ്പിന് കീഴിൽ നടക്കുന്ന കേന്ദ്രീകൃത പ്രവേശന നടപടികൾക്ക് രണ്ട് തരത്തിലുള്ള സംവരണ രീതി എന്തുകൊണ്ട് പിന്തുടരുന്നുവെന്ന് വിശദീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനും കഴിയുന്നില്ല.
81 താൽക്കാലിക ബാച്ചുകളും 20-30 ശതമാനം സീറ്റ് വർധനവും ഉൾപ്പെടെ സർക്കാർ ഹയർസെക്കൻഡറിയിൽ അലോട്ട്മെന്റിനായുള്ളത് 1,79,135 സീറ്റാണ്. വി.എച്ച്.എസ്.ഇ കോഴ്സിനെ അപേക്ഷിച്ച് ഹയർസെക്കൻഡറിയിൽ ഈഴവ, മുസ്ലിം സംവരണത്തിലെ ഒരു ശതമാനം കുറവ് ഫലത്തിൽ ഇരുവിഭാഗങ്ങൾക്കും 1791 വീതം സീറ്റിന്റെ കുറവ് വരുത്തുന്നതാണ്.
മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകളിൽ ഈഴവ സംവരണം ഒമ്പതും മുസ്ലിം സംവരണം എട്ടും ശതമാനമാണ്. ഇതേ സംവരണമാണ് വി.എച്ച്.എസ്.ഇയിലുമുള്ളത്. എന്നാൽ, സർവകലാശാലകളിൽ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റിന് ഈഴവ സംവരണം എട്ടും മുസ്ലിം സംവരണം ഏഴും ശതമാനമാണ്.
പ്രീഡിഗ്രി വേർപെടുത്തി ഹയർസെക്കൻഡറി കോഴ്സ് തുടങ്ങിയപ്പോൾ പ്രീഡിഗ്രിക്ക് പിന്തുടർന്ന സംവരണമാണ് ഹയർസെക്കൻഡറിക്ക് ഉപയോഗിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം. എന്നാൽ ഹയർസെക്കൻഡറിക്ക് തത്തുല്യമായി നടക്കുന്ന വി.എച്ച്.എസ്.ഇ കോഴ്സിൽ എങ്ങനെ മറ്റൊരു സംവരണം നടപ്പാക്കിയെന്ന് വിശദീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.