സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ സംവരണപ്പട്ടിക പുതുക്കാതെ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. 1993ലെ പിന്നാക്ക വിഭാഗ കമീഷന്‍ നിയമത്തിലെ 11(ഒന്ന്) വകുപ്പുപ്രകാരം 10 വര്‍ഷം കൂടുമ്പോള്‍ പട്ടിക പുതുക്കണമെന്ന് വ്യവസ്ഥയുണ്ട്. സംവരണം നടപ്പാക്കിയെങ്കിലും സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ എത്രത്തോളം പ്രാതിനിധ്യം കിട്ടിയിട്ടുണ്ടെന്ന പരിശോധനയാണ് 10 വര്‍ഷം കൂടുമ്പോഴുള്ള സര്‍വേയില്‍ നടക്കേണ്ടത്.
ഇക്കാര്യത്തില്‍ സംസ്ഥാനത്ത് മാറിവന്ന സര്‍ക്കാറുകള്‍ ബോധപൂര്‍വമായ അലംഭാവമാണ് കാണിച്ചത്. സര്‍വിസിലെ പിന്നാക്ക, പട്ടികജാതി- വര്‍ഗ പ്രാതിനിധ്യം അവലോകനം ചെയ്യാന്‍ പൊതുഭരണവകുപ്പില്‍ മുഖ്യമന്ത്രി അധ്യക്ഷനായ കമ്മിറ്റിയുണ്ടെങ്കിലും അതും നിർജീവമാണ്. സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടുപോലും സര്‍ക്കാര്‍ തയാറാവാത്തത് പിന്നാക്ക ജനതയോടുള്ള വഞ്ചനയാണ്.
അതേസമയം, കൃത്യമായ പഠനങ്ങളോ സ്ഥിതിവിവര കണക്കുകളോ പഠനങ്ങളോ ഇല്ലാതെയാണ് 10 ശതമാനം സവര്‍ണ സംവരണം നടപ്പാക്കിയത്. കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി നടത്തിയപ്പോള്‍ ശരവേഗത്തിലാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ അതു നടപ്പാക്കിയത്. ഇടതു വലതും മുന്നണികള്‍ സവര്‍ണ സംവരണം നടപ്പാക്കുന്നതില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുകയായിരുന്നു. സംവരണ പട്ടിക ഉടന്‍ പുതുക്കണമെന്ന സുപ്രിം കോടതി നിർദേശം സ്വാഗതാര്‍ഹമാണ്. ഇതോടൊപ്പം ജാതി സെന്‍സസും കൂടി നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറാവണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, അജ്മല്‍ ഇസ്മാഈല്‍, സെക്രട്ടറിമാരായ പി.ആര്‍ സിയാദ്, കെ.കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറിയേറ്റംഗങ്ങളായ അശ്റഫ് പ്രാവച്ചമ്പലം, വി.ടി ഇഖ്റാമുല്‍ ഹഖ്, അന്‍സാരി ഏനാത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.