ഭിന്നശേഷി അധ്യാപക സംവരണം: യോഗ്യരുടെ അഭാവത്തിൽ നിയമിച്ചവർക്ക് താൽക്കാലിക അംഗീകാരം നൽകണം
text_fieldsകൊച്ചി: ഭിന്നശേഷി അധ്യാപക തസ്തികയിലേക്ക് യോഗ്യരായവരുടെ അഭാവംമൂലം എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിക്ക് പരിഹാരം നിർദേശിച്ച് ഹൈകോടതി. ഭിന്നശേഷിക്കാർക്കായി നീക്കിവെക്കേണ്ട സീറ്റുകളിൽ നിയമനം നടത്തിയ ശേഷമേ 2018 നവംബർ 18ന് ശേഷം മാനേജ്മെന്റ് നൽകിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂ എന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 2018 നവംബർ 18നും 2021 നവംബർ എട്ടിനുമിടയിൽ ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച ഒഴിവുകളിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫിസർ താൽക്കാലിക നിയമന അംഗീകാരം നൽകണമെന്നതടക്കം നിർദേശങ്ങളും നൽകി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എയ്ഡഡ് സ്കൂൾ മാനേജർമാരും നിയമനം ലഭിച്ച അധ്യാപകരും നൽകിയ എൺപതോളം അപ്പീലുകൾ തീർപ്പാക്കിയാണ് ഉത്തരവ്.
ഭിന്നശേഷി സംവരണം ഉറപ്പാക്കുന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ നിലനിൽക്കുന്നതല്ലെങ്കിലും വിദ്യാർഥികളുടെ അക്കാദമിക താൽപര്യങ്ങളെ ബാധിക്കാതിരിക്കാൻ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് 2022 -23 അക്കാദമിക് വർഷം എയ്ഡഡ് സ്കൂളുകളിൽ നിയമനങ്ങളൊന്നും നടത്താനാകാത്തതും കോടതി പരിഗണിച്ചു. 1995ലും 2016ലും നിലവിൽവന്ന ഭിന്നശേഷി സംവരണ നിയമത്തിന്റെയും സുപ്രീംകോടതി ഉത്തരവുകളുടെയും തുടർച്ചയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ, ഓരോ അക്കാദമിക് വർഷവും ആയിരക്കണക്കിന് ഒഴിവുകളാണ് ഉണ്ടാകുക എന്നും അത് നികത്താൻ കഴിയുംവിധം യോഗ്യരായ ഭിന്നശേഷിക്കാർ ഉണ്ടാകില്ലെന്നുമായിരുന്നു അപ്പീലിൽ ചൂണ്ടിക്കാട്ടിയത്. ശരാശരി 3,500 ഒഴിവുകൾ വർഷംതോറും എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
തുടർന്നാണ് നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർഥി ചുമതലയേൽക്കുന്നത് വരെയാകും നിയമനം എന്ന വ്യവസ്ഥയിൽ ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച ഒഴിവുകളിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫിസർ താൽക്കാലിക നിയമന അംഗീകാരം നൽകണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുകയും വേണം. നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ അഭാവത്തിൽ ഇവരെ പിന്നീട് സ്ഥിരപ്പെടുത്താം. ഭിന്നശേഷിക്കാരായ അധ്യാപകർ ആ ഒഴിവിലേക്കെത്തിയാൽ താൽക്കാലിക നിയമനം ലഭിച്ചവരെ അതേ സ്കൂളിലോ മാനേജ്മെന്റിന്റെ മറ്റ് സ്കൂളിലോ ഉണ്ടാകുന്ന ഒഴിവുകളിൽ സ്ഥിരപ്പെടുത്തണം. ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുവരെ 2021 നവംബർ എട്ടിന് ശേഷം ഉണ്ടായ ഒഴിവുകളിൽ മാനേജർമാർക്ക് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.