നീറിപ്പുകഞ്ഞ് സാമ്പത്തിക സംവരണം
text_fieldsതിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള മന്ത്രിസഭ തീരുമാനം പുകയുന്നു. സർക്കാർ സർവിസിൽ സാമ്പത്തിക സംവണം നടപ്പാക്കാനുള്ള ശ്രമത്തിെൻറ ആദ്യപടിയായാണ് ദേവസ്വം നിയമനങ്ങളിലെ മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശക്തമായ പ്രതിഷേധവുമായി സംഘടനകൾ രംഗത്തുവന്നു. എൻ.എസ്.എസ് അടക്കം മുന്നാക്ക സമുദായ സംഘടനകൾ ഉന്നയിച്ചുവരുന്ന സാമ്പത്തിക സംവരണ ആവശ്യത്തിനുള്ള അംഗീകാരമായാണ് മന്ത്രിസഭ തീരുമാനം വിലയിരുത്തപ്പെടുന്നത്. മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നതാണ് സർക്കാർ നയമെന്നാണ് കഴിഞ്ഞ മന്ത്രിസഭ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ഇതിന് ഭരണഘടന ഭേദഗതി ആവശ്യമായതിനാൽ കേന്ദ്ര സർക്കാറിനോട് അക്കാര്യം ആവശ്യപ്പെടാനും സർക്കാർ തീരുമാനിച്ചു.
ദേവസ്വം നിയമനം പി.എസ്.സിക്ക് വിടുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഇടതുസർക്കാർ അതിൽനിന്ന് ചുവടുമാറ്റിയിരുന്നു. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നിലനിർത്തണമെന്ന ഒരു പ്രബല സമുദായത്തിെൻറ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക സംവരണവും ഇവരാണ് ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ഇപ്പോൾ സർക്കാർ നടപ്പാക്കിക്കൊടുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഏർപ്പെടുത്തിയ സാമ്പത്തിക സംവരണത്തിനെതിരെ നിയമപരമായി പോരാടുമെന്ന് എസ്.എൻ.ഡി.പി േയാഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ദേവസ്വം ബോർഡിലൊന്നും പിന്നാക്ക വിഭാഗക്കാർക്ക് പരിഗണന കിട്ടില്ലെന്ന് അദ്ദേഹം ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്പെഷൽ റിക്രൂട്ട്മെൻറിലൂടെ നിയമനം നൽകി ദേവസ്വം ബോർഡിൽ സാമൂഹിക നീതി ഉറപ്പാക്കുകയാണ് വേണ്ടത്. പിന്നീട് വരുന്ന ഒഴിവുകളിൽ ജനസംഖ്യാ ആനുപാതികമായി നിയമനം നടത്തണം. മന്ത്രിസഭാ തീരുമാനം ഭരണഘടനാവിരുദ്ധമാണ്. ഇത്തരമൊരു തീരുമാനം എൻ.എസ്.എസുമായി മാത്രം ചർച്ചചെയ്തത് സങ്കടകരവും പ്രതിഷേധാർഹവുമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് സ്ഥാനം എന്തുകൊണ്ട് പട്ടികജാതി, പട്ടിക വർഗക്കാർക്ക് കൊടുത്ത് കൂടാ- വെള്ളാപ്പള്ളി ചോദിച്ചു.
ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണമേർപ്പെടുത്തിയതിലൂടെ സർക്കാർ സംവരണ തത്വം അട്ടിമറിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ബി.ജെ.പി സർക്കാറിന് സഹായകരമായ നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. വിഷയം മുന്നണിയിൽ ചർച്ച ചെയ്യും. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന സർക്കാർ നിർദേശവും അംഗീകരിക്കാനാവില്ല. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടാൽ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂവെന്ന സ്ഥിതി വരും. ഇത് ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
മന്ത്രിസഭ തീരുമാനത്തെ എന്തിനാണ് എതിർക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. സാമ്പത്തിക സംവരണം സംസ്ഥാനത്തിന് നടപ്പാക്കാൻ കഴിയില്ല. മുന്നാക്ക വിഭാഗത്തിലെ നിർധനനായ ഒരാൾക്ക് സംവരണം നൽകുന്നതിലൂടെ പിന്നാക്ക വിഭാഗത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ല. ദേവസ്വം ബോർഡിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ശതമാനം കൂട്ടിയശേഷമാണ് മുന്നാക്ക പ്രാതിനിധ്യം നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ജമാഅത്തെ ഇസ്ലാമി, സാമൂഹിക സമത്വ മുന്നണി, വെൽഫെയർ പാർട്ടി, മെക്ക തുടങ്ങിയ സംഘടനകളും സർക്കാർ നടപടിയെ എതിർത്ത് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.