എയ്ഡഡ് സ്ഥാപനങ്ങളിലടക്കം മുഴുവൻ നിയമനങ്ങളിലും സംവരണം ഉറപ്പാക്കണം -മെക്ക
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം മുഴുവൻ നിയമനങ്ങളിലും സംവരണം ഉറപ്പു വരുത്തണമെന്ന് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സർക്കാറിനോടാവശ്യപ്പെട്ടു.
സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ കമീഷനുകൾ, കമ്മിറ്റികൾ, അതോറിറ്റികൾ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ളതും പൊതു ഖജനാവിൽ നിന്നു ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതുമായ രണ്ടര ലക്ഷത്തിലധികം വരുന്ന ജീവനക്കാരുടെ നിയമനത്തിൽ യാതൊരുവിധത്തിലുള്ള സംവരണവും പാലിക്കുന്നില്ല.
മാനേജ്മെന്‍റുകൾ, സർക്കാർ ഏജൻസികൾ എന്നിവ കോടികൾ കോഴപ്പണം കൈപ്പറ്റിയും സ്വജന പക്ഷപാതപരമായും നടത്തുന്ന നിയമന പ്രക്രിയ അവസാനിപ്പിച്ച് സംവരണ തത്വം പാലിച്ചും മെറിറ്റിന്‍റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നിയമനം നടത്താൻ പബ്ലിക് സർവിസ് കമീഷനെ ചുമതലപ്പെടുത്തുകയോ പ്രത്യേക റിക്രൂട്ടിങ് ഏജൻസിയെ രൂപവത്കരിച്ച് നിയമനം പൂർണമായും പട്ടിക വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ സംവരണ വിഹിതം ഉറപ്പു വരുത്തി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഒന്നര ലക്ഷത്തോളം എയ്ഡഡ് നിയമനങ്ങളിലും ഒരു ലക്ഷത്തിൽപ്പരം ഇതര നിയമനങ്ങളിലും ഇപ്പോഴുള്ള പിന്നാക്ക-പട്ടിക വിഭാഗ പ്രാതിനിധ്യം നാമ മാത്രമാണ്. നികുതിപ്പണവും ശമ്പളവും വേതനവും എല്ലാ വിഭാഗങ്ങൾക്കും സംതുലിതമായും വ്യവസ്ഥാപിതമായും വിതരണം ചെയ്യുന്നു എന്നു ഉറപ്പു വരുത്താൻ ബാധ്യതയുള്ള സർക്കാർ ഈ രംഗത്തെ അനീതിയും അഴിമതിയും കോഴപ്പണവും അവസാനിപ്പിക്കാൻ മുഴുവൻ നിയമനങ്ങൾക്കും സംവരണം ബാധകമാക്കി സാമൂഹിക നീതിയുടെ നിർവഹണം ഉറപ്പു വരുത്തണം.
ഫെബ്രുവരിയിൽ ചേരുന്ന ബജറ്റ് സമ്മേളനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ നിയമ നിർമാണത്തിന് നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യആവശ്യപ്പെട്ടു.
പ്രസിസന്‍റ് പ്രഫ. ഇ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എൻ.കെ. അലി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ബി. കുഞ്ഞുമുഹമ്മദ്, എം.എ. ലത്തീഫ്, കെ.എം. അബ്ദുൽ കരീം, എ.എസ്.എ. റസാഖ്, സി.എച്ച്. ഹംസ മാസ്റ്റർ, എൻ.സി. ഫാറൂഖ് എൻജിനീയർ, ടി.എസ്. അസീസ്, എ. മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന, എം. അഖ്നിസ്, എ.ഐ. മുബീൻ, സി.ടി. കുഞ്ഞയമു, എം.എം. നൂറുദ്ദീൻ, ഉമർ മുള്ളൂർക്കര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.