ഡെൻറൽ, ആയുർവേദ, ഹോമിയോ പി.ജികളിലും സംവരണം അട്ടിമറിയും
text_fieldsതിരുവനന്തപുരം: മെഡിക്കൽ, നഴ്സിങ് പി.ജി കോഴ്സുകൾക്കുപുറമെ ഡെൻറൽ, ഹോമിയോ, ആയുർവേദ, ഫാർമസി പി.ജി കോഴ്സുകളിലും പിന്നാക്കസംവരണത്തെ മുന്നാക്കസംവരണം മറികടക്കും. ഇൗ കോഴ്സുകളിലും ഇൗ വർഷം 10 ശതമാനം മുന്നാക്കസംവരണം നടപ്പാക്കുന്നതോടെ പിന്നാക്കവിഭാഗങ്ങൾ സംവരണതോതിൽ ഏറെ പിറകിലായി മാറും. മെഡിക്കൽ/അനുബന്ധ ബിരുദ കോഴ്സുകളിൽ പിന്നാക്കസംവരണം 30 ശതമാനം അനുവദിക്കുേമ്പാൾ പി.ജി കോഴ്സുകളിൽ ഒമ്പത് ശതമാനത്തിൽ ഒതുക്കുകയായിരുന്നു.
കഴിഞ്ഞതവണ സർക്കാർ ഡെൻറൽ കോളജിൽ സ്റ്റേറ്റ് ക്വോട്ടയിൽ 35 എം.ഡി.എസ് (ഡെൻറൽ പി.ജി) സീറ്റുള്ളതിൽ 27 എണ്ണം സ്റ്റേറ്റ് മെറിറ്റിലാണ് നികത്തിയത്. മൂന്ന് ശതമാനം സംവരണമുള്ള ഇൗഴവവിഭാഗത്തിന് ഒരു സീറ്റ് ലഭിച്ചപ്പോൾ രണ്ട് ശതമാനം സംവരണമുള്ള മുസ്ലിം, എസ്.ടി വിഭാഗങ്ങൾക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. എട്ട് ശതമാനം സംവരണമുള്ള എസ്.സി വിഭാഗത്തിന് ലഭിച്ചത് മൂന്ന് സീറ്റ്.
മെഡിക്കൽ പി.ജി സീറ്റുകളിൽ 10 ശതമാനം മുന്നാക്ക സംവരണം അനുവദിക്കുകയും പിന്നാക്കസംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കുകയും ചെയ്തതിൽ പിന്നാക്കവിഭാഗ കമീഷൻ ഇടപെട്ടിട്ടുണ്ട്. മെഡിക്കൽ, ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർമാരെ കമീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ വിളിച്ചുവരുത്തി സംവരണക്കുറവ് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. മെഡിക്കൽ പി.ജി കോഴ്സുകളിൽ പിന്നാക്കസമുദായത്തിന് അനുവദിച്ച ഒമ്പത് ശതമാനം സംവരണം മതിയായ പ്രാതിനിധ്യം ഉറപ്പാക്കില്ലെന്ന് പിന്നാക്കവികസന ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു. പ്രവേശനം നടക്കാനിരിക്കുന്ന എം.ഡി.എസ്, എം.എസ്സി നഴ്സിങ്, എം.ഡി ആയുർവേദം, എം.ഡി ഹോമിയോ, എം.ഫാം എന്നീ കോഴ്സുകളിലെല്ലാം പിന്നാക്കസംവരണം ഒമ്പത് ശതമാനമാണ്. ഡി.എൻ.ബി -പോസ്റ്റ് എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ ക്ലിനിക്കൽ ചൈൽഡ് െഡവലപ്മെൻറ് (പി.ജി.ഡി.സി.സി.ഡി) കോഴ്സിലും പിന്നാക്കസംവരണം ഒമ്പത് ശതമാനമാണ്. ഇവയിൽക്കൂടി മുന്നാക്കസംവരണം വരുന്നതോടെ പിന്നാക്കസമുദായങ്ങൾ ഏറെ പിറകിൽ പോകും. സർവിസ് ക്വോട്ട, ഭിന്നശേഷി സംവരണം തുടങ്ങിയവക്കായി സീറ്റ് നീക്കിവെക്കുന്നതാണ് പിന്നാക്കസംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കാൻ കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.