കേരള ബാങ്കിനെതിരെ റിസർവ് ബാങ്ക്; ‘സി’ ക്ലാസിലേക്ക് തരംതാഴ്ത്തി, വ്യക്തിഗത വായ്പയിലും നിയന്ത്രണം
text_fieldsതിരുവനന്തപുരം: കേരള ബാങ്കിനെ ‘ബി’ ക്ലാസിൽനിന്ന് ‘സി’ ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസർവ് ബാങ്ക്. വായ്പ വിതരണത്തിലടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നബാർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകരുതെന്നാണ് നിർദേശം. ഇങ്ങനെ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കും. ഇതു സംബന്ധിച്ച് കേരളബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം, വായ്പകൾ അനുവദിക്കുന്നതിനുള്ള സി.എം.എ വ്യവസ്ഥ പ്രകാരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വായ്പ നൽകുന്നതിന് പരിധി ബാധകമല്ല. എന്നാൽ, ഇടപാടുകളിൽ 80 ശതമാനത്തോളം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ് ബാങ്ക് തീരുമാനം കേരള ബാങ്കിന് തിരിച്ചടിയാണ്.
കേരള ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസർവ് ബാങ്ക് ചുമതലപ്പെടുത്തിയ കൺട്രോളിങ് അതോറിറ്റിയാണ് നബാർഡ്. മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിങ് ശുപാര്‍ശകൾ തയാറാക്കുന്നത്.
അഫിലിയേറ്റ് ചെയ്ത സഹകരണ സംഘങ്ങളിലുൾപ്പെടെ എല്ലാ വർഷവും പരിശോധന നടത്തി പ്രവർത്തനം തൃപ്തികരമാണോ എന്ന് സാക്ഷ്യപ്പെടുത്തേണ്ട ചുമതല കേരള ബാങ്കിനുണ്ട്. ജീവനക്കാരുടെ കുറവുമൂലം 2022-23 വർഷം കാര്യക്ഷമമായ പരിശോധന നടന്നില്ല. ഇതാണ് നബാർഡ് റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.