ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ളത് കേരളത്തിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ സ്ഥിതിവിവരക്കണക്കുകളാണ് റിപ്പോർട്ടിന് ആധാരം.
നിർമാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾ ദേശീയ ശരാശരിയേക്കാൾ ഗണ്യമായി വരുമാനം നേടുന്നു. ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമാണ തൊഴിലാളികൾ ശരാശരി 894 രൂപ പ്രതിദിന വേതനം നേടുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കേരളത്തിൽ സാധാരണ കർഷക തൊഴിലാളികൾ പ്രതിദിനം 807 രൂപ സമ്പാദിക്കുന്നു. ദേശീയ ശരാശരി 372 രൂപ മാത്രമാണ്.
ഇടതു സർക്കാരിന്റെ കീഴിലുള്ള ശക്തമായ സംസ്ഥാന നയങ്ങൾ, ശക്തമായ ട്രേഡ് യൂനിയൻ പ്രസ്ഥാനം, തൊഴിലാളികളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്നും ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് പൊതുമേഖലാ നിയമനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്. കൂടുതൽ വ്യവസായ സൗഹൃദവും തൊഴിൽ സൗഹൃദവുമായ സംസ്ഥാനം ആയിരിക്കുകയാണ് കേരളം. ഇത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായി. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴാണ് തൊഴിൽ മേഖലയിലെ കേരളത്തിന്റെ ഈ മുന്നേറ്റമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലും സംസ്ഥാനം തൊഴിൽ മേഖലയിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.