റിസർവ് വനവും സ്വകാര്യ എസ്റ്റേറ്റുകളും വാകേരിയിലെ കടുവദുരിതം തുടരും
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരിയിൽ കടുവകൾ ഇടക്കിടെ എത്താൻ കാരണം പ്രദേശത്തിന്റെ ഭൂമിശാസ്ത്രം. ചെതലയം വനത്തോടു ചേർന്ന പ്രദേശം, വനം പോലെയുള്ള സ്വകാര്യ എസ്റ്റേറ്റുകൾ എന്നിവയൊക്കെയാണ് കടുവകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. രണ്ടു വർഷത്തിലേറെയായി ഈ ഭാഗത്ത് കടുവശല്യം രൂക്ഷമായിട്ട്.
കടുവകൾ വരുന്നത് ചെതലയം വനത്തിലൂടെ
സുൽത്താൻ ബത്തേരി-പുൽപള്ളി റോഡിലെ ചെതലയം കാട്ടിൽനിന്നാണ് കടുവകൾ വാകേരി ഭാഗത്ത് എത്തുന്നതെന്നാണ് വനംവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ചെതലയം റേഞ്ചിലെ വനം കുറിച്യാട്, മുത്തങ്ങ റേഞ്ചുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. കർണാടകയിലെ കടുവസങ്കേതമായ ബന്ദിപ്പൂരിൽനിന്ന് കടുവകൾക്ക് മുത്തങ്ങ വനത്തിലെത്താൻ ഒരു പ്രയാസവുമില്ല. കടുവകളുടെ സഞ്ചാരപഥം അന്വേഷിക്കുമ്പോൾ കർണാടകയിലേക്കാണ് എത്തുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽ 150ലേറെ കടുവകൾ ഉണ്ടെന്നതും ഇവിടെ ചേർത്തുപറയണം.
കൂട്, കാമറ, റോന്തുചുറ്റൽ
രണ്ടുവർഷം മുമ്പ് ഈ തോട്ടത്തോടു ചേർന്ന സ്വകാര്യ കൃഷിയിടത്തിലെ കുഴിയിൽ കടുവക്കുഞ്ഞിനെ കണ്ടെത്തുകയുണ്ടായി. രണ്ടു കുഞ്ഞുങ്ങളുമായി ഒരു അമ്മക്കടുവ എസ്റ്റേറ്റിനടുത്തുള്ള പൂതിക്കാട് ഭാഗത്ത് എത്തിയിരുന്നു.
കൂട്, കാമറ, റോന്തുചുറ്റൽ എന്നിവയാണ് കടുവ നാട്ടിലിറങ്ങുമ്പോൾ വനംവകുപ്പ് ചെയ്യുന്ന പ്രതിവിധികൾ.
മൂടക്കൊല്ലിയിൽ മനുഷ്യനെ കൊന്നുതിന്നിട്ടും ആ കടുവ കൂട്ടിൽ കയറുന്നതുവരെ കാത്തിരിക്കാൻ നാട്ടുകാർ നിർബന്ധിതരായി. ഏതാനും ദിവസമായി സിസി ഭാഗത്ത് കറങ്ങുന്ന കടുവക്കായി വനംവകുപ്പ് അധികൃതർ കൂടുവെച്ച് കാത്തിരിക്കുകയാണ്.
പരിചരണമില്ലാതെ എസ്റ്റേറ്റുകൾ
പരിചരണമില്ലാതെ കിടക്കുന്ന എസ്റ്റേറ്റുകൾ പൂതാടി പഞ്ചായത്തിൽ ഏറെയാണ്. കെ.എഫ്.ഡി.സിയുടെ അധീനതയിലുള്ള പാമ്പ്ര എസ്റ്റേറ്റ് തന്നെ ഉദാഹരണം. മരിയനാട്, തൊപ്പിപ്പാറ, ഗാന്ധി നഗർ എന്നിങ്ങനെ ഈ എസ്റ്റേറ്റ് നീണ്ടുകിടക്കുകയാണ്. ആയിരത്തിലേറെ ഏക്കർ വരും. ഇതിനടുത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള പാമ്പ്ര എസ്റ്റേറ്റുമുണ്ട്. രണ്ടിലും കടുവകൾ ഇടക്കിടെ എത്തുന്നു. കൂടല്ലൂർ ഭാഗത്തേക്കു പോകുമ്പോൾ ചെറുകിട തോട്ടങ്ങളാണ് കൂടുതലും. വാകേരി എത്തുമ്പോൾ സ്വകാര്യ എസ്റ്റേറ്റുകളായി. പാമ്പ്രയിൽനിന്ന് ഏദൻ വാലി എസ്റ്റേറ്റിലെത്താൻ വന്യമൃഗങ്ങൾക്ക് കുറഞ്ഞ സമയം മതി. സിസി, മടൂർ വഴി കൽപന-പുല്ലുമല ഭാഗത്തേക്കും കടുവകൾ നീങ്ങുന്നു. കൽപനയിലും പുല്ലുമലയിലും സ്വകാര്യ എസ്റ്റേറ്റുകളുണ്ട്. മൈലമ്പാടി, മണ്ഡകവയൽ, എസ്റ്റേറ്റ് കവല, കൃഷ്ണഗിരി, കൊളഗപ്പാറ, അരിവയൽ എന്നിങ്ങനെ കടുവകളുടെ ഒരു സഞ്ചാരപാത തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് കൊളഗപ്പാറയിലേക്കും നീളുന്നു. ചെതലയം കാട്ടിൽനിന്ന് പാമ്പ്ര വഴി കൂടല്ലൂർ, വാകേരി, സിസി, പുല്ലുമല എത്തുന്ന കടുവക്ക് അങ്ങനെ മധ്യപ്രദേശ് തോട്ടത്തിലും എത്താനാകുന്നു. മധ്യപ്രദേശ് തോട്ടം കടുവകളുടെ ആവാസവ്യവസ്ഥക്ക് യോജിച്ചതാണെന്ന സൂചനയാണ് തോട്ടവുമായി അടുത്ത് ഇടപഴകിയവർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.