കരുതൽ മേഖല: വിദഗ്ധസമിതിയായി
text_fieldsതിരുവനന്തപുരം: കരുതൽ മേഖല (ബഫർസോൺ) വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ നിർദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിർമാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും ഫീല്‍ഡ് പരിശോധനക്കുമായി വിദഗ്ധസമിതി രൂപവത്കരിച്ചു.
ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശഭരണ വകുപ്പിലെയും അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം മേധാവി കെ.ജെ. വർഗീസ് എന്നിവരാണ് അംഗങ്ങള്‍. സമിതിക്ക് സാങ്കേതിക സഹായം നല്‍കാൻ സാങ്കേതികവിദഗ്ധരുടെ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. പ്രമോദ് ജി. കൃഷ്ണന്‍ (അഡീഷനല്‍ പി.സി.സി.എഫ് (വിജിലന്‍സ് ആൻഡ് ഫോറസ്റ്റ് ഇന്റലിജന്‍സ്), ഡോ. റിച്ചാര്‍ഡ് സ്‌കറിയ (ഭൂമിശാസ്ത്ര അധ്യപകന്‍),ഡോ. സന്തോഷ് കുമാര്‍ എ.വി (കേരള ജൈവ വൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി), ഡോ. ജോയ് ഇളമണ്‍ (ഡയറക്ടര്‍ ജനറല്‍, കില) എന്നിവര്‍ അംഗങ്ങളാണ്.
കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആൻഡ് എന്‍വയണ്‍മെന്റല്‍ സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ച് ഫീല്‍ഡ് പരിശോധന നടത്തിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിക്കുകയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.