കരുതൽ മേഖല: ഉത്തരവ് തിരുത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 23 വന്യജീവി സങ്കേത, ദേശീയോദ്യാനങ്ങൾക്കുചുറ്റും ഒരു കിലോമീറ്റർ വരെ കരുതൽ മേഖലയായി (ബഫർസോൺ) തീരുമാനിച്ച 2019ലെ സർക്കാർ ഉത്തരവ് തിരുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും സംവേദക മേഖലയിൽനിന്ന് ഒഴിവാക്കുന്നതടക്കം ആവശ്യമായ മാറ്റംവരുത്തും.
ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും പുറത്ത് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ കരുതൽ മേഖലയാക്കാൻ 2019ൽ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന് സമാനമായ ദൂരപരിധിയാണ് സുപ്രീംകോടതി വിധിയിലുണ്ടായത്. ഒരു കിലോമീറ്റർ വരെ കരുതൽ മേഖലയായി പ്രഖ്യാപിച്ചത് സംസ്ഥാനത്ത് വിവാദമാകുകയും വലിയ സമരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
ജനവാസമേഖലകളെ ഒഴിവാക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കെ, 2019 ലെ ഉത്തരവ് തിരിച്ചടിയാകുമെന്നുകണ്ടാണ് തിരുത്താൻ തീരുമാനിച്ചത്. ആവശ്യമായ തുടർനടപടികൾക്ക് വനം വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാകും ഇനി എംപവേർഡ് കമ്മിറ്റിയെയും സുപ്രീംകോടതിയെയും സമീപിക്കുക.
സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും പരിസ്ഥിതി സംവേദക മേഖലയായി നിശ്ചയിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചതായി സർക്കാർ വാർത്തക്കുറിപ്പിൽ അറിയിച്ചു. 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകളും കൃഷിയിടങ്ങളും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ വനം വകുപ്പ് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച നടപടികള്‍ അംഗീകരിച്ചതായും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.