കരുതൽ മേഖല: പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുക്കുമെന്ന് വിദഗ്ധ സമിതി
text_fieldsകൊച്ചി: സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റുമുള്ള ഭൗതിക സ്ഥലപരിശോധനയിൽ അതത് മേഖലയുടെ പ്രാദേശിക പ്രത്യേകതകളും ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായവും കണക്കിലെടുക്കുമെന്ന് കരുതൽ മേഖല (ബഫർസോൺ) വിദഗ്ധ സമിതി. സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഭൗതിക സ്ഥല പരിശോധന നടത്തി വിശദ വിവരങ്ങൾ ശേഖരിക്കുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ യോഗത്തിലാണ് തീരുമാനം.
കരുതൽ മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയിലെ പ്രസക്തഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തും. കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ പരിശോധന സമിതിയുടെ മേൽനോട്ടത്തിലുള്ള സ്ഥല പരിശോധന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ റവന്യൂ, വനം-വന്യജീവി വകുപ്പുകളുടെയും മറ്റ് വിഭാഗങ്ങളുടെയും ഏകോപനത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കും. വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് മുന്നോട്ടുപോകും.
സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇവിടെയുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കോടതി മുമ്പാകെ സമയബന്ധിതമായി സമർപ്പിക്കേണ്ടതുണ്ട്. വിവരങ്ങൾ ശേഖരിച്ച് കെ.എസ്.ആർ.ഇ.സി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൗതിക സ്ഥല പരിശോധന നടത്തുകയാണ് വിദഗ്ധ പരിശോധന സമിതി ചെയ്യുക. ഞായറാഴ്ച നടന്ന വിദഗ്ധ പരിശോധന സമിതി യോഗത്തിൽ കെ.എസ്.ആർ.ഇ.സി റിപ്പോർട്ട് ചർച്ച ചെയ്തു.
പരിസ്ഥിതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, തദ്ദേശസ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വനം വകുപ്പ് മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ കെ.ജെ. വർഗീസ്, എ.പി.സി.സി.എഫ് പ്രമോദ് ജി. കൃഷ്ണൻ, ചിറ്റൂർ ഗവ. കോളജ് ഭൂമിശാസ്ത്ര അധ്യാപകൻ ഡോ. റിച്ചാർഡ് സ്കറിയ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം സെക്രട്ടറി ഡോ. എ.വി. സന്തോഷ് കുമാർ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.