കരുതൽ മേഖല: 49,374 കെട്ടിടങ്ങളെന്ന് ഉപഗ്രഹ സർവേ റിപ്പോർട്ട്; വിദഗ്ധസമിതി യോഗം നാളെ
text_fieldsതിരുവനന്തപുരം: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളും വാണിജ്യ സ്ഥാപനങ്ങളുമടക്കം കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് വിദഗ്ധ സമിതിയുടെ ആദ്യയോഗം ഞായറാഴ്ച നടക്കും.
രാവിലെ 10ന് എറണാകുളം ഗെസ്റ്റ് ഹൗസിലാണ് യോഗം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറാണ് കൊല്‍ക്കത്ത ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.
വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവക്ക് ചുറ്റുമുള്ള വീടുകള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേരിട്ടുള്ള കണക്കെടുക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
ഒരു കിലോമീറ്റര്‍ ചുറ്റളവിലെ കരുതൽ മേഖല പരിധിയില്‍ എത്രത്തോളം കെട്ടിടങ്ങളുണ്ടെന്ന് കോടതിയെ ബോധിപ്പിക്കുകയാണ് പ്രധാനം. സംസ്ഥാനത്ത് 1592.52 ചതുശ്ര കിലോമീറ്ററിലായി 24 സംരക്ഷിത വനമേഖലയാണുള്ളത്. ഇതിനുള്ളിൽ വീടുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആരാധനാലങ്ങള്‍ എന്നിങ്ങനെ 49,374 കെട്ടിടങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. കരുതൽ മേഖലയിൽ 83 ആദിവാസി സെറ്റിൽമെന്റുകളുണ്ട്.
വയനാട് വന്യജീവി സങ്കേതത്തിലാണ് കൂടുതൽ കെട്ടിടങ്ങൾ -13,577. കൂടുതൽ വാണിജ്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പെരിയാർ ടൈഗർ റിസർവ് മേഖലയിലാണ്. സംരക്ഷിത വനമേഖലക്കുള്ളിൽ 1023.45 ചതുശ്ര കിലോമീറ്റർ വനഭൂമിയും 569.07 ചതുശ്ര കിലോമീറ്റർ വനേതര ഭൂമിയുമുണ്ട്. നേരിട്ടുള്ള സര്‍വേ നടത്തുമ്പോള്‍ കെട്ടിടങ്ങളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.