സംവരണവിഭാഗങ്ങളെ പൊതുവിഭാഗത്തിൽ പരിഗണിക്കൽ; വിധി കേരളത്തിൽ നടപ്പാകാൻ ചട്ടഭേദഗതി അനിവാര്യം
text_fieldsതിരുവനന്തപുരം: മെറിറ്റിൽ മുന്നിലുള്ള സംവരണവിഭാഗങ്ങളെ നിയമനത്തിന് പൊതുവിഭാഗത്തിൽ (ഒാപൺ മെറിറ്റിൽ) പരിഗണിക്കാമെന്ന സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാകാൻ സർവിസ് ചട്ടങ്ങളിൽ ഭേദഗതി അനിവാര്യം. നിലവിൽ പി.എസ്.സി പിന്തുടരുന്ന ഇരുപതിെൻറ യൂനിറ്റായുള്ള നിയമന രീതി സംവരണവിഭാഗങ്ങൾക്ക് പൊതുവിഭാഗത്തിൽ പരിഗണിച്ചുള്ള അർഹമായ നിയമനം പോലും തടയുന്നതാണ്.
ആദ്യ യൂനിറ്റ് നിയമനത്തിൽ മാത്രം സംവരണ വിഭാഗങ്ങൾക്ക് അർഹതയുണ്ടെങ്കിൽ ഒാപൺ വിഭാഗത്തിൽ പരിഗണിക്കുകയും പിന്നീടുള്ള നിയമന യൂനിറ്റുകളിൽ അർഹതയുണ്ടെങ്കിലും സംവരണ വിഭാഗങ്ങളെ സംവരണത്തിലേക്ക് ഒതുക്കുന്നതുമാണ് സംസ്ഥാന സർവിസിലെ നിയമനരീതി.
എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്താലും അവ ഇരുപതിന്‍റെ യൂനിറ്റായി നിശ്ചയിച്ച് സംവരണക്രമം നിശ്ചയിച്ചുള്ള നിയമന രീതി സംവരണവിഭാഗങ്ങൾക്ക് പൊതുവിഭാഗത്തിൽ ലഭിക്കേണ്ട തസ്തികകൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏറ്റവും ഒടുവിൽ കെ.എ.എസ് നിയമനത്തിലും ഇത് ദൃശ്യമായി. പൊതുവിഭാഗത്തിൽ നിന്ന് നിയമനം നേടിയ ഉദ്യോഗാർഥിയെക്കാൾ മാർക്ക് നേടിയയാളെ സംവരണ വിഭാഗത്തിലേക്ക് മാറ്റുന്നതാണ് കെ.എ.എസ് നിയമനത്തിൽ നടന്ന സംവരണ അട്ടിമറി.
ഇരുപതിെൻറ യൂനിറ്റായുള്ള നിയമന രീതിക്ക് പകരം നൂറിെൻറ യൂനിറ്റായുള്ള നിയമന രീതി നടപ്പാക്കണമെന്ന ആവശ്യം നേരേത്ത സംവരണ വിരുദ്ധർ പി.എസ്.സിയിൽ ഉൾപ്പെടെ ചെറുത്തുതോൽപ്പിക്കുകയായിരുന്നു. ആദ്യവട്ട നിയമനത്തിന് ശേഷം പിന്നീട് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ പൊതുവിഭാഗത്തിനൊപ്പം അർഹതയുണ്ടെങ്കിലും സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ഒഴിവിൽ നിയമിക്കുന്നതാണ് രീതി.
കെ.എസ്.ആൻഡ് എസ്.എസ്.ആർ ചട്ടം '14 എ' പ്രകാരം നിയമനത്തിെൻറ യൂനിറ്റ് ഇരുപതായിരിക്കണം എന്ന് പറയുന്നുണ്ട്. എന്നാൽ '14 ബി' പ്രകാരം എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക് മെറിറ്റിൽ നിയമനത്തിൽ അർഹതയുണ്ടെന്നും പറയുന്നു. മെറിറ്റിൽ സംവരണ വിഭാഗങ്ങൾക്ക് നിയമനം ലഭിച്ചാൽ അവരുടെ സംവരണ സീറ്റിൽ കുറവ് വരാനും പാടില്ലെന്നും ചട്ടത്തിൽ പറയുന്നു.
14 എ നടപ്പാക്കാനുള്ള ശ്രമത്തിൽ 14 ബി ലംഘിക്കുന്നതാണ് കേരളത്തിലെ അനുഭവം. ഇതിന് പരിഹാരം ചട്ടം ഭേദഗതി ചെയ്യുകയാണ് പോംവഴിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അേതസമയം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള വിദ്യാർഥിപ്രവേശനം ഒറ്റഘട്ടമായി നടക്കുന്നതിനാൽ പിന്നാക്കവിഭാഗങ്ങൾക്ക് മെറിറ്റിൽ അർഹതപ്പെട്ട സീറ്റ് ഉറപ്പുവരുത്താനും കഴിയുന്നു.
സുപ്രീംകോടതി വിധിയിലൂടെ സംവരണ വിഭാഗങ്ങൾക്ക് മെറിറ്റുണ്ടെങ്കിൽ അവരെ പൊതുവിഭാഗത്തിൽ പരിഗണിക്കാമെന്ന് വ്യക്തമായെങ്കിലും സർക്കാർ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.