പുനരധിവാസം: ആദ്യം വേണ്ടത് ഭൂമി
text_fieldsകൽപറ്റ: ഉരുൾദുരന്തത്തിൽ പ്രാണൻ ബാക്കിയായവരുടെ തുടർജീവിതം സംബന്ധിച്ച് ഉയരുന്നത് നിരവധി ചോദ്യങ്ങൾ. തകർന്നടിഞ്ഞ മനസ്സുകളെ ചേർത്തുപിടിക്കാൻ വീടുകൾ വാഗ്ദാനം ചെയ്ത് നിരവധി സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും രംഗത്തുവന്നെങ്കിലും മഹാദുരന്തം കഴിഞ്ഞ് 12 ദിവസം പിന്നിട്ടിട്ടും സർക്കാർ ആലോചനയിലുള്ള ടൗൺഷിപ്പിന് ഭൂമി കണ്ടെത്താനുള്ള നടപടികളൊന്നും ആരംഭിച്ചില്ല.
4833 കുടുംബങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇവരെയെല്ലാം പെട്ടെന്ന് താൽക്കാലിക വാടക വീടുകളിലേക്ക് മാറ്റുമെന്നു പറയുന്നുണ്ടെങ്കിലും രണ്ടാഴ്ചയോട് അടുക്കുമ്പോഴും കുറഞ്ഞ വാടക വീടുകൾ മാത്രമാണ് കണ്ടെത്താനായത്.
ഇനി വാടക വീടുകളിലേക്ക് മാറുമ്പോഴും ടൗൺഷിപ് എത്രകാലംകൊണ്ട് പ്രാവർത്തികമാകുമെന്ന് അധികൃതർക്കുതന്നെ നിശ്ചയമില്ല. പ്രത്യേകിച്ച് പുത്തുമല ദുരന്തം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും ഇപ്പോഴും പുനരധിവാസം പൂർത്തിയായില്ലെന്ന ആരോപണം നിലനിൽക്കുമ്പോൾ.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ പെട്ട മുണ്ടക്കൈ, പുഞ്ചിരിമട്ടം ഗ്രാമങ്ങൾ ഇനിയില്ല. ചൂരൽമലയാകട്ടെ, പകുതിയോളം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. രണ്ട് ഗ്രാമങ്ങളെയും ചൂരൽമലയിലെ ഏറെ കുടുംബങ്ങളെയും ചേർത്ത് പൂർണ അർഥത്തിൽ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പിന് വേണ്ടിയുള്ള വലിയ ഭൂമി ജില്ലയിൽ എവിടെ കണ്ടെത്തുമെന്നത് വലിയ വെല്ലുവിളിയാണ്.
ജില്ലക്ക് പുറത്തേക്കുള്ള പദ്ധതി സർക്കാറിന്റെ ആലോചനയിലുമില്ല. പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച വില്ലേജുകളും ജനസാന്ദ്രതയേറിയ നഗരങ്ങളും വന്യമൃഗശല്യവുമെല്ലാം ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാറിന് വെല്ലുവിളിയാകും. 350 വീടുകൾ തകർന്നുവെന്നാണ് ഏകദേശ കണക്ക്.
വാസയോഗ്യമല്ലാതായ പ്രദേശത്തെ ഉരുൾപൊട്ടലിനെ അതിജീവിച്ച വീടുകളിൽ താമസിക്കുന്നവരേയും മാറ്റിത്താമസിപ്പിക്കേണ്ടി വരുമ്പോൾ പട്ടിക വലുതാകും. എന്നാൽ, അറുന്നൂറോളം വീടുകൾ ഇതിനകംതന്നെ വാഗ്ദാനങ്ങളായിട്ടുണ്ട്. തകർന്നയിടത്തെ സ്കൂളുകളും ആരാധനാലയങ്ങളും പൊതുകെട്ടിടങ്ങളുമെല്ലാം പുതിയ ടൗൺഷിപ്പിൽ ഉണ്ടാകുമെന്നാണ് സർക്കാർ വാഗ്ദാനം. ഇതെല്ലാം കൂടിയാകുമ്പോൾ വലിയ ഭൂമിതന്നെ പദ്ധതിക്ക് ഏറ്റെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.