രേഷ്മയുടെ വീട് പൊലീസ് നിരീക്ഷണത്തിൽ
text_fieldsതലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോലിലെ ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അധ്യാപികയുടെ വീട് പൊലീസ് നിരീക്ഷണത്തിൽ. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപിക പി.എം. രേഷ്മയുടെ അണ്ടലൂരിലെ നന്ദനം വീടാണ് പൊലീസ് നിരീക്ഷണത്തിലാക്കിയത്.
വീട് നിലനിൽക്കുന്ന പ്രദേശത്ത് സദാസമയവും പൊലീസ് പട്രോളിങ് ശക്തമാക്കി. കണ്ണൂർ വനിത സ്പെഷൽ ജയിലിൽ ഒരുദിവസം റിമാൻഡിൽ കഴിഞ്ഞ രേഷ്മ ശനിയാഴ്ച വൈകീട്ടാണ് ജാമ്യം ലഭിച്ച് ജയിൽമോചിതയായത്. ബി.ജെ.പി അഭിഭാഷകനാണ് ജാമ്യം ലഭിക്കാനായി ഇവർക്കുവേണ്ടി കോടതിയിൽ ഹാജരായത്. ജയിലിൽനിന്ന് പുറത്തിറങ്ങിയ അധ്യാപികയെ സ്വീകരിക്കാനെത്തിയത് തലശ്ശേരി മണ്ഡലത്തിലെ ബി.ജെ.പി നേതാവാണ്. അധ്യാപിക ജാമ്യത്തിലിറങ്ങിയശേഷമാണ് അണ്ടലൂരിലെ വീടും പരിസരവും ധർമടം പൊലീസിന്റെ നിരീക്ഷണത്തിലായത്. പത്തോളം പൊലീസുകാർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പിണറായി പാണ്ട്യാലമുക്കിൽ രേഷ്മയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നാണ് വെള്ളിയാഴ്ച പുലർച്ചെ ഹരിദാസൻ വധക്കേസിലെ പതിനാലാം പ്രതി പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാലിക്കണ്ടി വീട്ടിൽ നിജിൽ ദാസിനെ (37) ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ വീട്ടിൽ ഒളിവിൽ താമസിപ്പിച്ച കുറ്റത്തിന് രേഷ്മയും അറസ്റ്റിലായി. ഈ സംഭവത്തിന് ശേഷം പ്രകോപനമെന്നോണം മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരത്തുള്ള രേഷ്മയുടെ ഭർത്താവ് പ്രവാസിയായ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള വീടിന് നേരെ ബോംബേറും ആക്രമണവുമുണ്ടായി. ഈ സംഭവങ്ങൾ പൊലീസിന് നാണക്കേടായിമാറിയ പശ്ചാത്തലത്തിലാണ് രേഷ്മയുടെ അണ്ടലൂരിലെ വീട് നിരീക്ഷണത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.