രേഷ്മയുടെ കൊലപാതകം കരുതിക്കൂട്ടി; പ്രതി മുങ്ങിയത് ആത്മഹത്യക്കുറിപ്പെഴുതിയശേഷം
text_fieldsഅടിമാലി: പ്ലസ് ടു വിദ്യാർഥി പവർ ഹൗസ് വണ്ടിത്തറയിൽ രേഷ്മയുടെ കൊലപാതകം കരുതിക്കൂട്ടിയെന്ന് പൊലീസിന് സൂചന ലഭിച്ചു. മുൻകൂട്ടി തീരുമാനിച്ചുറച്ച് പെൺകുട്ടിയെ കൊല്ലുകയായിരുന്നു രേഷ്മയുടെ പിതൃസഹോദരനായ അനുവെന്ന അരുൺ (28) എന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. ഇയാൾ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
അരുൺ രാജകുമാരിയിൽ വാടകക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്. കൂട്ടുകാർക്ക് കത്ത് രൂപത്തിലെഴുതിയ ഈ കുറിപ്പ് പത്തുപേജുണ്ട്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും കത്തിൽ പറയുന്നു. രേഷ്മയോട് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിെച്ചന്നും എഴുതിയിട്ടുണ്ട്.
തന്നെ വഞ്ചിച്ചവൾ ജീവിച്ചിരിക്കാൻ പാടില്ലെന്ന തീരുമാനമെടുത്താണ് വെള്ളിയാഴ്ച അരുൺ ആയുധവുമായി കുഞ്ചിത്തണ്ണിയിൽ എത്തിയതെന്നത് ഇതോടെ ഉറപ്പായി. പിതൃസഹോദരെൻറ മനസ്സിലിരിപ്പ് അറിയാതെയാണ് രേഷ്മ സ്കൂൾ വിട്ട് വള്ളക്കടവിൽ എത്തി അരുണിനൊപ്പം നടന്നുപോയത്.
പുഴയോരത്തിരുന്ന് സംസാരിക്കാം എന്നുപറഞ്ഞ് പെൺകുട്ടിയെ റോഡിന് താഴേക്ക് കൂട്ടിക്കൊണ്ടുപോയതാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് രേഷ്മയെ മൂന്നുതവണ കുത്തിയ പ്രതി മരണമുറപ്പിച്ചശേഷം സ്ഥലംവിടുകയായിരുന്നു. കത്തുപ്രകാരം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് മനഃപൂർവം എഴുതിയതാകാനുള്ള സാധ്യതയും തള്ളുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.