പൊലീസ് തലപ്പത്ത് അഴിച്ചുപണി; വിജയ് സാഖറെക്കും എസ്. ശ്രീജിത്തിനും സ്ഥാനക്കയറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഉന്നത ഉദ്യോഗസ്ഥർക്കടക്കം സ്ഥാനക്കയറ്റവും പുതിയ നിയമനവും നൽകിയാണ് അഴിച്ചുപണി. ഐ.ജിമാരായിരുന്ന വിജയ് സാഖറെ, എസ്. ശ്രീജിത്ത് എന്നിവർ എ.ഡി.ജി.പിമാരായി.
ഡി.ജി.പി ആർ. ശ്രീലേഖ വിരമിച്ച ഒഴിവിൽ എ.ഡി.ജി.പി സുദേഷ് കുമാർ ഡി.ജി.പി റാങ്കോടെ വിജിലൻസ് ഡയരക്ടറായി തുടരും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി വിജയ് സാഖറെയെ നിയമിച്ചു. ശൈഖ് ദർവേഷ് സാഹിബിനെ നീക്കിയശേഷമാണ് സാഖറെയെ നിയമിച്ചത്. ശൈഖ് ദർവേഷ് സാഹിബിന് ട്രെയിനിങ്ങിന്റെയും കേരള പൊലീസ് അക്കാദമിയുടെയും ചുമതല നൽകി.
എസ്. ശ്രീജിത്താണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ബി. സന്ധ്യ ഫയർഫോഴ്സ് മേധാവിയാകും. യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായി നിയമിച്ചു. എ.ഡി.ജി.പി അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാകും. ജി. സ്പർജൻ കുമാർ ക്രൈം ബ്രാഞ്ച് ഐ.ജിയാകും. നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. എ. അക്ബർ തൃശൂർ റേഞ്ച് ഡി.ഐ.ജിയും സുജിത് ദാസ് പാലക്കാട് എസ്.പിയുമാകും.
കൊല്ലം റൂറൽ എസ്.പിയായി കെ.ബി രവിയേയും പത്തനംതിട്ട എസ്.പിയായി പി.ബി രാജീവിനെയും നിയമിച്ചു. യതീഷ് ചന്ദ്രയെ കണ്ണൂർ എസ്.പി സ്ഥാനത്ത് നിന്ന് മാറ്റി കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻറായി നിയമിച്ചു. കണ്ണൂരിൽ റൂറൽ എസ്.പിക്ക് പുറമെ കമ്മീഷണർ തസ്തികയും രൂപീകരിച്ചു. ആർ. ഇളങ്കോ ആണ് പുതിയ കണ്ണൂർ കമ്മീഷണർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.