ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ പെരിക്കല്ലൂർ നിവാസികൾ
text_fieldsപുൽപള്ളി: കെ.എസ്.ആർ.ടി.സിയുടെ നിരവധി ദീർഘദൂര സർവിസുകൾ ആരംഭിക്കുന്ന പെരിക്കല്ലൂർ എന്ന സ്ഥലത്തെക്കുറിച്ച് ഭൂപടത്തിൽ തപ്പണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം. ഇവിടെനിന്നുള്ള ദീർഘദൂര സർവിസുകൾ ലാഭകരമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രി പറയുന്ന കാര്യങ്ങൾ വസ്തുതാപരമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കുടിയേറ്റ കാലം മുതൽ പെരിക്കല്ലൂരിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവിസുണ്ടായിരുന്നു. 1979 മുതലാണ് സർവിസ് ആരംഭിച്ചത്. കോട്ടയം, പത്തനംതിട്ട, അടൂർ, എറണാകുളം, പാല എന്നിങ്ങനെ പല സ്ഥലങ്ങളിലേക്കും ഇവിടെനിന്ന് സർവിസുണ്ട്. ഈയിടെ ആരംഭിച്ച അടൂർ-പെരിക്കല്ലൂർ സർവിസിന്റെ ആദ്യ ദിനം തന്നെ മുഴുവൻ സീറ്റും ബുക്കിങ് ആയിരുന്നു. മന്ത്രിയുടെ പിതാവായിരുന്ന മുൻ ഗതാഗത മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ കാലം മുതൽ ഇവിടെനിന്ന് സർവിസുകൾ ആരംഭിച്ചിരുന്നു. സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ് ബസുകൾ സർവിസ് നടത്തുന്നുണ്ട്.
നേരത്തേ നാട്ടുകാരാണ് ബസ് ജീവനക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത്. ഇപ്പോൾ പഞ്ചായത്ത് നിർമിച്ച യാർഡിലാണ് ബസുകൾ നിർത്തിയിടുന്നത്. താമസ സൗകര്യവും മുള്ളൻകൊല്ലി പഞ്ചായത്ത് ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഇവിടെനിന്ന് പുറപ്പെടുന്ന ബസുകളെല്ലാം ഏറെ ലാഭത്തിൽ തന്നെയാണ് ഓടുന്നതെന്നും അധികൃതരടക്കം പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.