വാടക കെട്ടിടങ്ങളിൽ താമസിക്കുന്നവരും ഹരിതകർമസേനക്ക് യൂസർ ഫീ അടയ്ക്കണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വാടക കെട്ടിടങ്ങളിൽ താമസിക്കുന്നവരും അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനക്ക് യൂസർ ഫീ അടയ്ക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ. വാടക കരാറിൽ ഇതുസംബന്ധിച്ച ഉറപ്പ് ഉൾപ്പെടുത്തണമെന്നും തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. യൂസർ ഫീ ഉൾപ്പെടെ വാടകയിൽ ഉൾപ്പെടുത്തി കെട്ടിട ഉടമ തദ്ദേശ സ്ഥാപനത്തിന് അടയ്ക്കുകയോ അല്ലെങ്കിൽ വാടകക്ക് താമസിക്കുന്നവർ നേരിട്ട് അടയ്ക്കുകയോ വേണം. ഇക്കാര്യമാണ് കരാറിൽ ഉൾപ്പെടുത്തേണ്ടത്.
യൂസർ ഫീയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള ബി.പി.എൽ കുടുംബങ്ങൾ എന്നത് അഗതി, ആശ്രയ, അതിദരിദ്ര കുടുംബങ്ങൾ എന്നും ഭേദഗതി ചെയ്തു. 2020 ഓഗസ്റ്റിൽ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ ബി.പി.എൽ കുടുംബങ്ങളെ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അവ്യക്തമാണെന്ന പരാതിയെ തുടർന്നാണ് നടപടി.
ആശ്രയ, അഗതി, അതിദരിദ്ര കുടുംബങ്ങൾ താമസിക്കുന്ന വാടക കെട്ടിടത്തിന്റെ യൂസർ ഫീ ബന്ധപ്പെട്ട ഗ്രാമ, വാർഡ് സഭകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് പരമാവധി ആറുമാസം വരെ ഒഴിവാക്കി നൽകാം. യൂസർ ഫീ ഇളവിന് അർഹതയുള്ള മറ്റ് കുടുംബങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട ഗ്രാമ-വാർഡ് സഭകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഇളവ് നൽകാം.
ഇങ്ങനെ ഒഴിവാക്കുന്ന യൂസർ ഫീസിന്റെ തുക തദ്ദേശസ്ഥാപനങ്ങൾ ഹരിതകർമസേനക്ക് നൽകണം. ഇതിനായി വാർഷിക പദ്ധതിയിൽ തുക വകയിരുത്തണം. പൂട്ടിയിരിക്കുന്ന കെട്ടിടത്തിൽനിന്ന് മാലിന്യം ഉൽപാദിപ്പിക്കുന്നില്ലെന്ന കെട്ടിട ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിന്റെയും തദ്ദേശ സ്ഥാപനത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലും സെക്രട്ടറിക്ക് യൂസർ ഫീ ഒഴിവാക്കി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.