മുന്നിൽ രാജിയോ? മുകേഷിന് ഇനി എന്തു വഴി
text_fieldsകൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതോടെ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിന് മേൽ രാജിക്കായുള്ള സമ്മർദ്ദം ഉയരുന്നു. സി.പി.എം നേതൃത്വത്തിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉയർന്നിട്ടില്ലെങ്കിലും മുന്നണിയിലെ ഘടകക്ഷികൾ ആവശ്യമുയർത്തിയിട്ടുണ്ട്. മുകേഷ് രാജിവെക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഉചിതമായ തീരുമാനം മുന്നണി കൈക്കൊള്ളുമെന്നും ഇടത് സർക്കാർ വേട്ടക്കാർക്കൊപ്പം നിൽക്കില്ലെന്നുമാണ് നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. പ്രതിപക്ഷവും മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്തുണ്ട്.
തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് തുടക്കം മുതൽ മുകേഷ് ആരോപിച്ചത്. സർക്കാറിനും പാർട്ടിക്കുമെതിരായ നീക്കമാണെന്നും സി.പി.എമ്മിന്‍റെ ജനപ്രതിനിധിയായതിനാലാണ് ആരോപണങ്ങളുയരുന്നതെന്നും മുകേഷ് വാദിച്ചെങ്കിലും, ഇത് സി.പി.എം അണികൾ പോലും ഏറ്റെടുത്തില്ല. അതേസമയം, ആരോപണങ്ങളെ നേരിടാൻ മുകേഷ് പാർട്ടിയെ മുന്നിൽ നിർത്തുകയാണെന്ന വിമർശനവുമുയർന്നു. സമൂഹമാധ്യമങ്ങളിൽ മുകേഷ് നൽകിയ വിശദീകരണക്കുറിപ്പിൽ ഒപ്പം നൽകിയത് സി.പി.എമ്മിന്‍റെ കൊടി പിടിച്ചുനിൽക്കുന്ന ഫോട്ടോയാണ്. എന്നാൽ, വിമർശനം ഉയർന്നതോടെ മിനിറ്റുകൾക്കകം ഈ ചിത്രം ഒഴിവാക്കേണ്ടിയും വന്നു. എഴുത്തുകാരി സാറാ ജോസഫിന്‍റെ നേതൃത്വത്തിൽ 100 സ്ത്രീപക്ഷചിന്തകർ രാജി ആവശ്യപ്പെട്ട് ഒപ്പിട്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്.
തനിക്കെതിരെ ആരോപണമുന്നയിച്ച നടി നേരത്തെ ബ്ലാക്ക് മെയിൽ ചെയ്ത് പണം ആവശ്യപ്പെട്ടെന്ന് മുകേഷ് ആരോപിച്ചിരുന്നു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് മുകേഷ് വിശദീകരണ കുറിപ്പിൽ പറഞ്ഞത്. എന്നാൽ, എം.എൽ.എ സ്ഥാനത്തിരിക്കുന്ന ഒരാൾ എന്തുകൊണ്ട് ബ്ലാക്ക് മെയിൽ പരാതി നൽകിയില്ല എന്ന ചോദ്യമാണ് പരാതിക്കാരി ഉയർത്തിയത്.
മുകേഷിന്‍റെ രാജി ഇപ്പോൾ വേണ്ടെന്നും വിവാദത്തിന്റെ തുടർന്നുള്ള പോക്ക് വിലയിരുത്തി പിന്നീട് തീരുമാനിക്കാമെന്നുമായിരുന്നു ആരോപണമുയർന്ന ഘട്ടത്തിൽ സി.പി.എം നേതൃത്വത്തിലെ ധാരണ. പ്രതിപക്ഷ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, എം. വിൻസെന്റ് എന്നിവർക്കെതിരെ സമാനമായ പീഡന പരാതികൾ നിലവിലുണ്ടെങ്കിലും ഇരുവരും രാജിവെച്ചിട്ടില്ല. സോളാർ കേസുമായി ബന്ധപ്പെട്ടും കോൺഗ്രസ് നേതാക്കൾക്കെതിരെ പീഡന പരാതികൾ വന്നിട്ടുണ്ട്. ഇവ കൂടി കണക്കിലെടുത്തായിരുന്നു സി.പി.എമ്മിന്‍റെ മുകേഷിനോടുള്ള സമീപനം. എം.എൽ.എ സ്ഥാനമൊഴിഞ്ഞാലുള്ള ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ വെല്ലുവിളികളുണ്ടെന്നതും മുകേഷിനെ പിന്തുണക്കാനുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ, ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തതോടെ ഇനിയെന്താകും പാർട്ടി തീരുമാനമെന്നാണ് ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.