മണ്ഡലം സെക്രട്ടറിയുടെ രാജിയും പിൻവലിക്കലും; സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി
text_fieldsചേര്‍ത്തല: സി.പി.ഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി രാജിവെച്ചെങ്കിലും പിന്നീട് പിൻവലിച്ച സംഭവത്തിൽ പാർട്ടിക്കുള്ളിൽ വീണ്ടും പൊട്ടിത്തെറി. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായായിരുന്നു സെക്രട്ടറി ജില്ല സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയതെന്നാണ് വിവരം. ജില്ല നേതൃത്വം ഇടപെട്ടതിനെ തുടർന്ന് രാജിവാര്‍ത്ത പാര്‍ട്ടിയും മണ്ഡലം സെക്രട്ടറിയും തള്ളിയെങ്കിലും വിഷയത്തില്‍ മണ്ഡലം സെക്രട്ടറിക്കെതിരെ ജില്ല നേതൃത്വം അച്ചടക്ക നടപടിയെടുക്കുകയായിരുന്നു.
ചേര്‍ത്തല മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർഥന്താക്കീത് നല്‍കാനാണ് ജില്ല എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൂടിയ മണ്ഡലം കമ്മിറ്റി യോഗത്തില്‍ സംഭവം ചർച്ച ചെയ്തു. തുടർന്ന് ചേര്‍ത്തല മണ്ഡലത്തിലെ ബ്രാഞ്ച് കമ്മിറ്റികളിൽ ഉള്‍പ്പെടെ ജനറല്‍ബോഡി വിളിച്ച് നടപടി റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് സൂചന. രാജി വിവാദം പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കിയതിനെ തുടർന്നാണ് നേതൃത്വം നടപടിക്കൊരുങ്ങുന്നത്.
ഇതേകുറിച്ച് രാജിവാര്‍ത്ത ചാനലുകളിലടക്കം പ്രചരിച്ചതിലും അന്വേഷണത്തിന് ജില്ല എക്‌സിക്യൂട്ടിവ് തീരുമാനിച്ചിട്ടുണ്ട്. രാജിവിവാദത്തില്‍ മണ്ഡലം സെക്രട്ടറിക്കെതിരെ കടുത്ത നടപടികള്‍ക്കായി ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലില്‍ താക്കീതില്‍ ഒതുങ്ങി. കഴിഞ്ഞ സമ്മേളനങ്ങളില്‍ കാനം പക്ഷത്തിനൊപ്പം നിലകൊണ്ട സിദ്ധാർഥനെതിരായ നടപടി എതിര്‍ ക്യാമ്പുകള്‍ക്കു പിടിവള്ളിയായിട്ടുണ്ട്.
പാര്‍ട്ടിയുടെ ചട്ടപ്രകാരമുള്ള നടപടി മാത്രമാണ് താക്കീതെന്നാണ് കാനം പക്ഷത്തിന്റെ വാദം. നവംബറിലാണ് മണ്ഡലം സെക്രട്ടറിയുടെ രാജിവാര്‍ത്ത പ്രമുഖ ചാനലുകളിൽ അടക്കം പ്രചരിച്ചത്.ഇതോടെ ഉന്നത നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയും തുടര്‍ന്ന് നിഷേധക്കുറിപ്പ് ഇറങ്ങുകയും ചെയ്തു. ചേര്‍ത്തല മണ്ഡലം കമ്മിറ്റിയിലെയും ജില്ലയിലെയും പാര്‍ട്ടിയിലെ ഭിന്നതകള്‍ തുറന്നുകാട്ടുന്നതായിരുന്നു രാജിക്കത്ത് വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.