പന്തളം നഗരസഭ ചെയർപേഴ്സന്‍റെ രാജി: ബി.ജെ.പിയും ആർ.എസ്.എസും രണ്ടുതട്ടിൽ
text_fieldsപന്തളം: പന്തളം നഗരസഭ ചെയർപേഴ്സൻ രാജിവെക്കുന്നതിനെ ചൊല്ലി ബി.ജെ.പിയും ആർ.എസ്.എസും രണ്ടുതട്ടിൽ.ബി.ജെ.പി പന്തളം നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. പ്രഭയോട് അസഭ്യവർഷം നടത്തിയ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിനെ ഒഴിവാക്കണമെന്ന് ബി.ജെ.പി ജില്ല ഘടകം ശക്തമായി ആവശ്യമുന്നയിച്ചതായാണ് ലഭിക്കുന്ന വിവരം. ആർ.എസ്.എസിന് ഇതിനെതിരായ നിലപാടാണ്.
ഇപ്പോൾ രാജിവെച്ചാൽ രാഷ്ട്രീയ തകർച്ച സമ്പൂർണമാകുമെന്നും അതിനാൽ രാജിവെക്കേണ്ടെന്നുമാണ് ആർ.എസ്.എസ് നിലപാട്. ചെയർപേഴ്സൻ വിഷയത്തിൽ ആർ.എസ്.എസും ബി.ജെ.പിയും രണ്ട് അഭിപ്രായവുമായി പരസ്യമായി രംഗത്തെത്തിയതോടെ പന്തളത്തെ ബി.ജെ.പി രാഷ്ട്രീയം സങ്കീർണമായി.
ചെയർപേഴ്സനെക്കൊണ്ട് രാജിവെപ്പിച്ചാൽ കൗൺസിൽ സ്ഥാനവും രാജിവെക്കുമെന്ന് ആർ.എസ്.എസ് നിലപാട് കടുപ്പിച്ചതോടെ ബി.ജെ.പി ജില്ല ഘടകം സംസ്ഥാന നേതൃത്വത്തിന് വിട്ട് തലയൂരിയിരിക്കുകയാണ്. ശനിയാഴ്ച കൊല്ലത്ത് നടന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിൽ പന്തളം നഗരസഭ വിഷയം ചർച്ചക്ക് വന്നിരുന്നു. വിവാദത്തിൽപെട്ട ചെയർപേഴ്സൻ അടക്കം നാലുപേർക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്തെങ്കിലും ചെയർപേഴ്സന്റെ രാജിയിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പുമില്ലെന്ന് പറഞ്ഞ് ബി.ജെ.പി നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച പത്തനംതിട്ടയിൽ വിളിച്ചുകൂട്ടിയ ബി.ജെ.പി യോഗത്തിൽനിന്ന് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബെന്നി മാത്യു, കെ. സീന, കൗൺസിലർമാരായ സൗമ്യ സന്തോഷ്, ശ്രീദേവി, പി.കെ. പുഷ്പലത, രാധ വിജയകുമാർ, രശ്മി രാജീവ്, ഉഷ മധു, ബിന്ദുകുമാരി എന്നിവർ വിട്ടുനിന്നിരുന്നു.
ആർ.എസ്.എസ് പിന്തുണയോടെയാണ് ഇവർ ഈ നിലപാടെടുത്തത്. ബി.ജെ.പി വിളിച്ചുകൂട്ടിയ യോഗത്തിൽ പാർലമെന്‍ററി പാർട്ടി ലീഡറും ജില്ല സെക്രട്ടറിയുമായ കെ.വി. പ്രഭ, സംസ്ഥാന കമ്മിറ്റി അംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അച്ചൻകുഞ്ഞ് ജോൺ, ബി.ജെ.പി ഏരിയ പ്രസിഡന്‍റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സൂര്യ എസ്. നായർ, കൗൺസിലർമാരായ മഞ്ജുഷ സുമേഷ്, ജെ. കോമളവല്ലി കിഷോർകുമാർ, ആർ. ശ്രീലേഖ എന്നിവർ പങ്കെടുത്തു.
33 അംഗ കൗൺസിലിൽ 18 ബി.ജെ.പി കൗൺസിലർമാരും സി.പി.എം വിമതൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനുമടക്കം 19 പേരാണ് ഭരണപക്ഷത്ത്. ബി.ജെ.പിയിലെ കലാപം കാരണം രാധാകൃഷ്ണൻ ഉണ്ണിത്താൻ കഴിഞ്ഞ ദിവസം തിരികെ സി.പി.എമ്മിൽ ചേർന്നിരുന്നു. ഇരുകൂട്ടരെയും സമവായത്തിൽ കൊണ്ടുവരാൻ കഴിയാത്ത വിധം കുരുക്ക് മുറുകിയിരിക്കുകയാണ് പന്തളത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.