സംതൃപ്തിയോടെ പടിയിറങ്ങുന്നു - അഡ്വ. ടി.ഒ. മോഹനൻ
text_fieldsകണ്ണൂർ: ജനങ്ങളാഗ്രഹിക്കുന്ന നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന്റെ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ. മൂന്നുവർഷത്തെ കൂട്ടായ്മയോടെയുള്ള പ്രവർത്തനം കൊണ്ട് ദേശീയതലത്തിൽ തന്നെ അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു. ഇനി ഭരണസമിതിയുടെ നേതൃസ്ഥാനത്ത് വരുന്നവർക്കും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും മേയർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ കൗൺസിലർമാരുടെയും ഒറ്റക്കെട്ടായ പ്രവർത്തനം വലിയ പിന്തുണയായി.
മാലിന്യ നിർമാർജന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നാവുകയെന്നതായിരുന്നു ലക്ഷ്യം. അതിലേക്കുള്ള പ്രവർത്തനങ്ങൾ ഏറെദൂരം സഞ്ചരിച്ചു. ആ ലക്ഷ്യം നിലവിലെ ഭരണസമിതിയുടെ കാലത്തുതന്നെ നേടിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിക്കുകയെന്ന ലക്ഷ്യത്തോടെയും ഏറെക്കാര്യങ്ങൾ പ്രവർത്തിച്ചു. തിറയുടെയും തറിയുടെയും നാടാണ് കണ്ണൂർ. കൈത്തറിരംഗത്തും പ്രശസ്തമാണ്. ഇക്കാര്യങ്ങളെല്ലാം വെച്ചുകൊണ്ട് പൈതൃക പട്ടികയിൽ സ്ഥാനം ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്കായി ഇനിയും ശ്രമം തുടരുമെന്നും മേയർ പറഞ്ഞു. തന്റെ ഭരണകാലയളവിൽ മേയർ എടുത്തുപറഞ്ഞ വികസന പ്രവൃത്തികൾ ചുവടെ.
ആസ്ഥാന മന്ദിരം
കോർപറേഷന് പുതിയ ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി ആരംഭിക്കാൻ സാധിച്ചു. രണ്ട് നിലയുടെ നിർമാണം പൂർത്തീകരിക്കാനും കഴിഞ്ഞു.
മാലിന്യ നിർമാർജനം
വീടുകളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന ശേഖരണ പദ്ധതിക്ക് കേന്ദ്രഭവന നഗരകാര്യ വകുപ്പിന്റെ ദേശീയ അംഗീകാരം ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന സ്വച്ഛതാ സ്റ്റാർട്ടപ് കോൺക്ലെയ് വിലേക്ക് ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ മേഖലയിൽനിന്ന് തെരഞ്ഞെടുത്ത നാല് സ്റ്റാർട്ടപ്പുകളിൽ ഒന്നായി കണ്ണൂർ കോർപറേഷന്റെ ''നെല്ലിക്ക'' ആപ് മാറി. പ്രത്യേക ആപ് വഴി വീടുകളിൽനിന്ന് ഖരമാലിന്യശേഖരണം നടത്തുന ഇന്ത്യയിലെ ഏക കോർപറേഷൻ കണ്ണൂരാണ്.
പലവിധ എതിർപ്പുകൾ നേരിട്ട മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചു. ചേലോറയിലെ മാലിന്യ വിരുദ്ധസമരം കേരളമാകെ അറിയപ്പെട്ടിരുന്നു. അവിടെ കഴിഞ്ഞ 60 വർഷമായി കെട്ടിക്കിടക്കുന്ന മാലിന്യം പൂർണമായി നീക്കംചെയ്യുന്ന പ്രവൃത്തി 60 ശതമാനത്തിലധികം പൂർത്തിയായി.
സ്മാർട്ട് നഗരം
കേന്ദ്ര ഭവന നഗരകാര്യ വകുപ്പിന് കീഴിലെ വിവരശേഖരണ പ്ലാറ്റ്ഫോമായ ഇന്ത്യ അർബൻ ഡാറ്റാ എക്സ്ചേഞ്ചിൽ ഇനി കണ്ണൂർ കോർപറേഷനിലെ വിവരങ്ങളും ലഭ്യമാകും. കേരളത്തിൽനിന്ന് ആദ്യമായാണ് ഒരു നഗരം ഈ പ്ലാറ്റ്ഫോമിൽ ഇടംപിടിക്കുന്നത്. സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടാത്ത ഒരു നഗരം ഇതിൽ വരുന്നത് രാജ്യത്ത് ആദ്യമാണ്.
കോർപറേഷൻ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയുമെല്ലാം വിവരങ്ങളും ലഭ്യമാക്കുന്ന ജി.ഐ.എസ് മാപ്പിങ് പദ്ധതി നടപ്പിലാക്കിയ ആദ്യ കോർപറേഷനായി.
കാമറക്കണ്ണിൽ
മാലിന്യ നിക്ഷേപ നിരീക്ഷിക്കുന്നതിനും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെയും ഭാഗമായി 90 കേന്ദ്രങ്ങളിൽ ആധുനിക രീതിയിലുള്ള കാമറകൾ സ്ഥാപിച്ചു.
നഗര സൗന്ദര്യവത്കരണം
നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചേലോറ നെഹ്റു പാർക്ക്, സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകത്തിന് സമീപം ഫ്രീഡം പാർക്ക് എന്നിവ തുറന്നു.
നഗരത്തിലെ മുഴുവൻ റോഡുകളും നവീകരിക്കുന്നതിനായി 40 കോടിയോളം ചെലവഴിച്ചു. 500 ഓളം പുതിയ റോഡുകളുടെ ടാറിങ്, ഇന്റർലോക്കിങ്, കോൺക്രീറ്റ് എന്നിവ ചെയ്തു.
ആരോപണങ്ങൾ സ്ഥാനം ലഭിക്കാതെ പോയ ആളുടെ വിഷമപ്രകടനം
കണ്ണൂർ: തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളൊന്നും പ്രയാസമുണ്ടാക്കിയിട്ടില്ലെന്ന് അഡ്വ. ടി.ഒ. മോഹനൻ. കൗൺസിൽ ചുമതലയേറ്റത് മുതൽ തന്നെ ഒരു കൗൺസിലറിൽ നിന്ന് നിരന്തരം ആക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹമൊഴികെ 54 കൗൺസിലർമാരിൽ ആരും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. സ്ഥാനം ലഭിക്കാതെ പോയ ഒരാളുടെ വിഷമമായിട്ട് മാത്രമേ ഇക്കാര്യം കണക്കിലെടുത്തിട്ടുള്ളൂ. അദ്ദേഹം മേയർ ആവാൻ ആഗ്രഹിച്ചിരുന്നുവെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്ന കൂട്ടത്തിൽ ആ വ്യക്തിക്കും പ്രകടിപ്പിക്കുകയാണ്. കാരണം, ജാഗ്രതയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ വിമർശനങ്ങളും ആക്ഷേപങ്ങളും കാരണമായിട്ടുണ്ടെന്നും മേയർ പറഞ്ഞു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷിനെതിരെ പേര് പറയാതെയായിരുന്നു മേയറുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.