'ഗവർണർ സെർച്ച് കമ്മിറ്റി രൂപവത്കരിച്ചത് ജനാധിപത്യ വിരുദ്ധം'
text_fieldsതിരുവനന്തപുരം: ഗവർണർക്കെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താതെ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണർ രൂപവത്കരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. കമ്മിറ്റിയെ നിയമിച്ചത് പിൻവലിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള മൗനം പാലിച്ചെങ്കിലും പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നൽകി.
സിന്‍ഡിക്കേറ്റംഗം കെ.എച്ച്. ബാബുജാൻ അവതരിപ്പിച്ച ഗവർണർക്കെതിരായ പ്രമേയത്തെ യു.ഡി.എഫ് അംഗങ്ങൾ എതിർത്തു. പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ സി.പി.എം, സി.പി.ഐ അംഗങ്ങൾ രൂക്ഷമായ വിമർശനമാണ് ഗവർണർക്കെതിരെ ഉന്നയിച്ചത്. എന്നാൽ, ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിൽ സർവകലാശാലയുടെ പ്രതിനിധിയെ നിയമിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഗവർണർക്കെതിരെ സെനറ്റ് യോഗത്തിൽ പ്രമേയം പാസാക്കുന്നത് അപൂർവമാണ്.
അതേസമയം, ഗവർണർക്കെതിരെ കേരള സെനറ്റിൽ പ്രമേയംവരുന്നത് രണ്ടാംതവണയാണ്. 2010 ൽ ഡോ. ജയകൃഷ്ണൻ കേരള സർവകലാശാല വൈസ് ചാൻസലറായിരിക്കുമ്പോഴായിരുന്നു ആദ്യം പ്രമേയം വരുന്നത്.
സെനറ്റിലേക്ക് സർക്കാർ നിർദേശിച്ച ചാൻസലറുടെ നോമിനേഷൻ ഗവർണറായിരുന്ന ആർ.എസ്. ഗവായി അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പ്രമേയം. സെനറ്റിൽ സി.പി.എം അംഗങ്ങൾ അന്ന് അവതരിപ്പിച്ച പ്രമേയം വി.സി തള്ളിയിരുന്നു. ചാൻസലർ കൂടിയായ ഗവർണർക്കെതിരെ പ്രമേയം അനുവദിക്കാനാവില്ലെന്നായിരുന്നു വി.സി യുടെ നിലപാട്. സെനറ്റിൽ വലിയ ഒച്ചപ്പാട് ഉണ്ടായെങ്കിലും വൈസ് ചാൻസലർ നിലപാടിൽ ഉറച്ചുനിന്നു. യൂനിവേഴ്സിറ്റി ചട്ടം അനുസരിച്ച് പ്രമേയത്തിന് അവതരണാനുമതി നൽകേണ്ടത് വൈസ് ചാൻസലറാണ്. സർവകലാശാലയുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമേ പ്രമേയം അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് ചട്ടം നിഷ്കർഷിക്കുന്നുണ്ട്. സ്പെഷൽ സെനറ്റ് യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ വൈസ് ചാൻസലറും സിൻഡിക്കേറ്റും മുൻകൂട്ടി തയാറാക്കുന്ന അജണ്ടകൾ പ്രകാരം മാത്രമേ അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് വകുപ്പ് 13ൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.