വഖഫ് നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതിബില്‍ പിന്‍വലിക്കണമെന്ന് നിയമസഭ. വഖഫ് ചുമതലകൂടിയുള്ള മന്ത്രി വി. അബ്ദുറഹിമാന് അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ബില്ലില്‍ പറയുന്ന വ്യവസ്ഥകള്‍ വഖഫുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ഒട്ടനവധി അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ളതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഭരണഘടനാ ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് എതിരാണെന്നും വഖഫ് മേല്‍നോട്ടമുള്ള ബോര്‍ഡുകളുടെയും വഖഫ് ട്രൈബ്യൂണലിന്റെയും പ്രവര്‍ത്തനം, അധികാരം എന്നിവ ദുര്‍ബലപ്പെടുത്തുമെന്നും ഭരണഘടന അനുശാസിക്കുന്ന മതേതര കാഴ്ചപ്പാടുകള്‍ ലംഘിക്കുമെന്നും പ്രമേയം വ്യക്തമാക്കി.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങളും നോമിനേറ്റ് ചെയ്യുന്ന ചെയര്‍മാനും മാത്രമുള്ള ബോര്‍ഡ് ജനാധിപത്യ വ്യവസ്ഥക്ക് പൂര്‍ണമായും എതിരാകും. ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങള്‍, വിശ്വാസത്തിനുമേലുള്ള സ്വാതന്ത്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയില്‍ ഒരുവിട്ടുവീഴ്ചയും സാധ്യമല്ലെന്നും പ്രമേയത്തില്‍ പറയുന്നു.
പി. ഉബൈദുല്ല, എന്‍. ശംസുദ്ദീന്‍, ടി.വി. ഇബ്രാഹിം, ടി. സിദ്ദീഖ് എന്നിവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. ടി.വി. ഇബ്രാഹിമിന്റെ ഭേദഗതികള്‍ തള്ളിയും മറ്റ് അംഗങ്ങളുടെ ഏതാനും ചില ഭേദഗതികള്‍ അംഗീകരിച്ചുമാണ് പ്രമേയം പാസാക്കിയത്.
1995 ലെ വഖഫ് ആക്ട് ഭേദഗതി ചെയ്യുന്നതിലൂടെ വഖഫ് ബോര്‍ഡിന്റെ ജനാധിപത്യ സ്വഭാവം അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് പി. ഉബൈദുല്ല പറഞ്ഞു. വഖഫ് രംഗത്ത് അരാജകത്വം കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വഖഫ് സ്വത്ത് അന്യാധീനപ്പെടുത്താനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് പുതിയ നീക്കമെന്നും എന്‍. ശംസുദ്ദീനും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.