റിസോർട്ട് വിവാദം: ഗൂഢാലോചനയെന്ന് ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഇ.പി. ജയരാജന്റെ വിശദീകരണം. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തിഹത്യക്ക് ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ ചേർന്ന സംസ്ഥാന സമിതിയിലാണ് ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിച്ചത്. കണ്ണൂർ ഇരിണാവിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടായിരുന്നു ആക്ഷേപം. വെള്ളിയാഴ്ച സമാപിച്ച സംസ്ഥാന കമ്മിറ്റിയുടെ അവസാന സെഷനിൽ ഇ.പി. ജയരാജൻ വിശദീകരണം നൽകുമ്പോൾ പി. ജയരാജനും യോഗത്തിലുണ്ടായിരുന്നു. കിട്ടിയ വിവരം പാർട്ടിയെ അറിയിക്കുക മാത്രമായിരുന്നെന്നായിരുന്നു പി. ജയരാജന്റെ മറുപടി.
വിഷയത്തിൽ തുടർനടപടി സംബന്ധിച്ച് സംസ്ഥാന സമിതിയിൽ തീരുമാനമായില്ല. നേതാക്കൾക്കെതിരായ ആക്ഷേപം, ആരോപണം ഉയർന്നുവരാൻ ഇടയാക്കിയ സാഹചര്യം തുടങ്ങി എല്ലാ വശങ്ങൾ സംബന്ധിച്ചും പരിശോധന നടത്താൻ തീരുമാനമുണ്ടാകുമെന്ന് സൂചന. ഇ.പി ജയരാജനെതിരായ സ്വത്ത് സമ്പാദന ആക്ഷേപത്തിനൊപ്പം തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ഇ.പി ജയരാജന്റെ പരാതിയും അന്വേഷണ പരിധിയിൽ വരും.
കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജൻ കൂടി ഉൾപ്പെട്ട വിഷയമായതിനാൽ കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച ശേഷമായിരിക്കും അന്വേഷണം എങ്ങനെ വേണമെന്നത് തീരുമാനിക്കുക.
പാർട്ടി നേതൃ ത്വത്തിലെ തെറ്റുതിരുത്തൽ നടപടികൾ സംബന്ധിച്ച ചർച്ചക്കിടെ, അപ്രതീക്ഷിതമായാണ് പി. ജയരാജൻ ഇ.പിക്കെതിരെ പരാതി ഉന്നയിച്ചത്. അന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആക്ഷേപം എഴുതി നൽകാൻ പി. ജയരാജനോട് നിർദേശിച്ചു. എന്നാൽ, പി. ജയജരാൻ ഇതുവരെ ഒന്നും എഴുതി നൽകിയിട്ടില്ല.
രേഖകൾ സഹിതം ഇ.പി തന്റെ ഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിച്ചിരുന്നു. മകൻ ജെയ്സൺ, ഭാര്യ എന്നിവർ ഡയറക്ടർ ബോർഡിലുണ്ടെങ്കിലും റിസോർട്ടുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും നിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഇ.പി. ജയരാജന്റെ വിശദീകരണം.
ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ വിരമിക്കൽ ആനുകൂല്യമായി ലഭിച്ച തുകയാണ് റിസോർട്ടിൽ നിക്ഷേപിച്ചതെന്നും രേഖകൾ സഹിതം അദ്ദേഹം പാർട്ടിയെ അറിയിച്ചു.
പാർട്ടിയിൽനിന്ന് അവധിയെടുത്ത് മാറിനിന്ന ഇ.പി. ജയരാജൻ ഇടതുമുന്നണിയുടെ സമരത്തിലടക്കം പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് ആരോപണം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.