റിസോർട്ട് വിവാദം: ജില്ല സെക്രട്ടറിയായിരിക്കെ പി. ജയരാജനും മൗനം
text_fieldsകണ്ണൂർ: ഇ.പി. ജയരാജനെതിരെ സാമ്പത്തിക ആരോപണത്തിന് കാരണമായ ‘വൈദേകം’ റിസോർട്ടിനെതിരെയുള്ള ആദ്യ പരാതിക്കാരൻ അന്നേ പാർട്ടിക്കുപുറത്ത്. വിഷയം വിവാദമായപ്പോൾ, അന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജനും മൗനം പാലിക്കുകയായിരുന്നു. റിസോർട്ട് നിർമാണം അനുമതിയില്ലാതെയാണെന്നും അനുമതി പലതും നേടിയത് നിർമാണം തുടങ്ങി നാളുകൾക്ക് ശേഷമാണെന്നും ആദ്യമായി പരാതി ഉന്നയിച്ച പാർട്ടി അംഗത്തിനെതിരെയായിരുന്നു നടപടി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂനിറ്റ് സെക്രട്ടറിയും സി.പി.എം ബ്രാഞ്ചംഗവുമായിരുന്ന കെ.വി. സജിനായിരുന്നു നടപടി നേരിട്ടത്.റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമം വഴി തേടിയ അദ്ദേഹം, കുന്നിടിച്ച് നിരപ്പാക്കിയതും ഭൂമിയുടെ ഘടന മാറ്റിയതും അനുമതിയില്ലാതെയായിരുന്നുവെന്ന് പാർട്ടി വേദികളിൽ പരാതി ഉന്നയിച്ചു.
സമ്മതപത്രമില്ലാതെ പ്രദേശത്ത് കുഴൽക്കിണർ കുഴിച്ചു, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുവാദം വാങ്ങാതെ നിർമാണം തുടങ്ങി എന്നീ കാര്യങ്ങൾ രേഖകളുടെ അടിസ്ഥാനത്തിൽ പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ജനങ്ങൾക്കിടയിൽ പരാതിയില്ലെന്നും വേണമെങ്കിൽ നിർമാണം തുടങ്ങാമെന്നുമുള്ള തഹസിൽദാറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി നിർമാണം തുടങ്ങുകയായിരുന്നുവെന്നും സജിൻ പറയുന്നു.
ഇതിന് പാർട്ടി മൗനാനുവാദവും നൽകി. വിഷയങ്ങൾ അന്നേ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ലെന്ന് സജിൻ പറയുന്നു. ഇതിനുപിന്നാലെ തളിപ്പറമ്പ് പുന്നക്കുളങ്ങര പടിഞ്ഞാറെ ബ്രാഞ്ചംഗമായ സജിന്റെ അംഗത്വം പാർട്ടി പുതുക്കി നൽകിയതുമില്ല.
ഇ.പിയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള റിസോർട്ടിനെതിരെ പരാതി നൽകിയതും രേഖകൾ തേടിയതുമാണ് പാർട്ടി അംഗത്വം പുതുക്കി നൽകാത്തതിന് കാരണമായതെന്ന് അദ്ദേഹം പറയുന്നു. പി. ജയരാജൻ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു റിസോർട്ടിന്റെ നിർമാണ പ്രവർത്തനം. പത്തേക്കർ കുന്നിടിച്ചുള്ള നിർമാണത്തിനെതിരെ പാർട്ടിയിലെ വിവിധ വേദികളിൽ അന്നേ പരാതികൾ ഉയർന്നിരുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തടക്കം ഔദ്യോഗികമായി പരാതിയുമായി രംഗത്തെത്തിയിട്ടും ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജൻ അന്ന് മൗനം പാലിച്ചു. അതേ വ്യക്തിതന്നെയാണ് ഇപ്പോൾ വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ഇടഞ്ഞുനിൽക്കുന്ന ഇ.പിയെ പ്രതിരോധത്തിലാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.