മുനമ്പം പ്രശ്നം: വഷളാക്കുന്നതിന് പിന്നിൽ റിസോർട്ട് മാഫിയ -വഖഫ് സംരക്ഷണ സമിതി
text_fieldsകൊച്ചി: മുനമ്പം വഖഫ് പ്രശ്നം വഷളാക്കുന്നതിന് പിന്നിൽ റിസോർട്ട് മാഫിയയും തൽപരകക്ഷികളുമാണെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമിയിലെ പാവപ്പെട്ട താമസക്കാരെ ഭീതിയിലാക്കി സമരമുഖത്തേക്ക് തള്ളിവിട്ടത് ഇവരുടെ ആസൂത്രിത അജണ്ടയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രശ്നം പരിഹരിക്കേണ്ട ബാധ്യത സർക്കാറിനും കോടതിക്കും വഖഫ് ബോർഡിനുമാണ്. വഖഫ് ഭൂമിയിലെ സാധുക്കളായ താമസക്കാർക്ക് താമസിക്കുന്നതിനുവേണ്ട നിയമപരമായ സഹായം നൽകണം.
എന്നാൽ, ഇത് ഭൂമാഫിയയെയും റിസോർട്ട് മുതലാളിമാരെയും സഹായിക്കാനാകരുത്. വഖഫ് ഭൂമി നിയമവിരുദ്ധമായി വിൽപന നടത്തിയ ഫാറൂഖ് കോളജ് അധികൃതർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ്ലിം ലീഗ് നേതാക്കളടക്കം ചിലർ നടത്തുന്ന പ്രസ്താവന വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. 2115-1950 ആധാരപ്രകാരം കേരള വഖഫ് ബോർഡിൽ വഖഫായി രജിസ്റ്റർ ചെയ്ത ഭൂമിയാണിത്. പറവൂർ സബ് കോടതിയും ഹൈകോടതിയുമെല്ലാം ഇക്കാര്യം അംഗീകരിച്ചതാണ്.
2009ൽ നിസാർ കമീഷൻ റിപ്പോർട്ടിലും ഇത് വഖഫ് ഭൂമിയാണെന്ന് കണ്ടെത്തി തിരിച്ചുപിടിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മറച്ചുവെച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ വളർത്താൻ വർഗീയശക്തികൾ ശ്രമിക്കുകയാണ്. കോടതിവിധികൾ നോക്കുകുത്തിയാക്കി ഭൂമിവിൽപന നടത്തിയ ഫാറൂഖ് കോളജ് മാനേജ്മെന്റ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. നിയമവിരുദ്ധമായി ഭൂമി വിൽപന നടത്തിയ ഇവരിൽനിന്ന് നഷ്ടം ഈടാക്കണം. പ്രശ്നത്തിന്റെ പേരിൽ സഭാധ്യക്ഷന്മാരടക്കം നടത്തുന്ന വിദ്വേഷ പ്രസ്താവനകൾ അപകടകരമാണ്.
സമൂഹത്തിൽ വിഭാഗീയതയും വിദ്വേഷവും ഉണ്ടാക്കാനേ ഇതുപകരിക്കൂവെന്ന് തിരിച്ചറിയണം. പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നേതാക്കളുടെയും പ്രസ്താവന സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടിയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഭാരവാഹികളായ അഡ്വ. എം.എം. അലിയാർ, ടി.എ. മുജീബ്റഹ്മാൻ, ഷെരീഫ് പുത്തൻപുര, മാവുടി മുഹമ്മദ് ഹാജി, നജീബ് നെട്ടൂർ, സുന്നാജാൻ പറവൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.