റിസോഴ്സ് അധ്യാപകർ കാത്തിരിക്കുന്നു; ജോലിയിൽ തിരിച്ചുകയറാൻ
text_fieldsകോഴിക്കോട്: കേന്ദ്രസർക്കാറിെൻറ സർവശിക്ഷ അഭിയാന് (എസ്.എസ്.എ) കീഴിൽ ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരുടെ എണ്ണം വീണ്ടും വെട്ടിക്കുറച്ചു. ഫണ്ടില്ലെന്നു പറഞ്ഞ് രണ്ടു വർഷം മുമ്പ് 491 റിസോഴ്സ് അധ്യാപകരെ പിരിച്ചുവിട്ടിരുന്നു. അന്ന് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ ശമ്പളയിനത്തിൽ എസ്.എസ്.എക്ക് കൈമാറി ഇവരെ തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിെൻറ തുടക്കത്തിലും എസ്.എസ്.എ പിരിച്ചുവിടൽ തുടർന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുൻകൈയെടുത്ത് പത്തു കോടി രൂപ എസ്.എസ്.എക്ക് കൊടുത്തു വീണ്ടും തിരിച്ചെടുത്തു. എന്നാൽ, ഇൗ വർഷവും ‘പൂർവാധികം ഭംഗിയോടെ’ 491 പേരെ പുറത്തിരുത്തുകയായിരുന്നു. സർക്കാർ അനുവദിച്ച ഫണ്ട് കിട്ടിയില്ലെന്നാണ് എസ്.എസ്.എയുടെ വിശദീകരണം.
കഴിഞ്ഞ മാർച്ചിൽ ഒരു പഞ്ചായത്തിൽ ഒരു റിസോഴ്സ് അധ്യാപകനുണ്ടായിരുന്നു. നിലവിൽ ഒരു എസ്.എസ്.എ ബ്ലോക്കിനു കീഴിൽ ഒന്ന് എന്നായി ചുരുക്കി. ഒരു വിദ്യാലയത്തിൽ ഒരു റിസോഴ്സ് അധ്യാപകൻ വേണെമന്ന ആവശ്യം നിലനിൽക്കേയാണ് പലരെയും -ഒഴിവാക്കിയിരിക്കുന്നത്.
13 വർഷമായി 1300ഒാളം റിസോഴ്സ് അധ്യാപകർ താൽക്കാലികക്കാരായി എസ്.എസ്.എക്ക് കീഴിൽ സംസ്ഥാനത്ത് ജോലിചെയ്യുന്നുണ്ട്. ഇവരിലുള്ള 491 പേരെയാണ് പലവർഷങ്ങളിലും പിരിച്ചുവിടുകയും തിരിച്ചെടുക്കുകയും ചെയ്യുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം, വിവിധ തെറപ്പികൾ, ഉപകരണ വിതരണം, രക്ഷാകർതൃ ശാക്തീകരണം തുടങ്ങിയവ നടത്തുന്നത് ഇൗ അധ്യാപകരാണ്. ആഴ്ചയിൽ ആറു ദിവസമാണ് ഇവരുടെ ജോലി. സാധാരണയായി ഏപ്രിലിലാണ് നിയമനം നടത്തുന്നത്. മാർച്ച് 31ന് പിരിച്ചുവിട്ട് വീണ്ടും നിയമിക്കാറാണ് പതിവ്. ഇൗ വർഷം വളരെ വൈകി മേയ് 19നാണ് നിയമനം നടന്നത്.
പാലക്കാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ എസ്.എസ്.എ ഉദ്യോഗസ്ഥർ സ്വന്തം ഇഷ്ടത്തിന് നിയമനം നടത്തുന്നതായും പരാതിയുണ്ട്. ഭിന്നശേഷിയുള്ള ആയിരക്കണക്കിന് കുട്ടികൾ സംസ്ഥാനത്ത് വിവിധ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. 35 മുതൽ 40 വയസ്സുവരെ പ്രായമുള്ള റിസോഴ്സ് അധ്യാപകർക്ക് വർഷങ്ങളായി തുടരുന്ന ജോലി തിരിച്ചുകിട്ടാൻ ശ്രമിക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞിരുന്നെങ്കിലും സ്കൂളുകൾ തുറന്നിട്ടും ഒന്നും ശരിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.