നിയന്ത്രണങ്ങളോടെ ചില ആരാധനാലയങ്ങളും റസ്റ്റാറൻറുകളും തുറന്നു
text_fieldsതിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം ആരാധനാലയങ്ങളും മാളുകളും റസ്റ്റാറൻറുകളും തുറന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിയിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും ദര്‍ശനം അനുവദിച്ചു. ഗുരുവായൂരില്‍ രാവിലെ ഒമ്പതരമുതല്‍ ഉച്ചക്ക് ഒന്നരവരെയാണ് ദര്‍ശനം.
മിക്കയിടത്തും കർശന നിബന്ധനകളോടെയായിരുന്നു പ്രവേശനം. എന്നാൽ, എൻ.എസ്.എസ് ഉൾപ്പെടെ ഹിന്ദുസംഘടനകൾ നടത്തുന്ന ക്ഷേത്രങ്ങൾ തുറന്നില്ല.
മിക്ക മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങളും തുറന്നില്ല. ലത്തീൻ രൂപതക്ക് കീഴിലുള്ള ചില ദേവാലയങ്ങൾ മാർഗനിർദേശങ്ങൾ പാലിച്ച് തുറന്നു. തലസ്ഥാനത്തെ പ്രധാന ആരാധനാലയങ്ങളായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, വഴുതക്കാട് മസ്ജിദ്, പട്ടം സെൻറ് മേരീസ് കത്തീഡ്രല്‍, പാളയം സെൻറ് ജോസഫ്സ് കത്തീഡ്രല്‍, വേളി സെൻറ് തോമസ് പള്ളി, വെട്ടുകാട് പള്ളി എന്നിവയും തുറന്നില്ല.
കോഴിക്കോട് സാമൂതിരി രാജ ട്രസ്റ്റിന് കീഴിലുള്ള 48 ക്ഷേത്രങ്ങളിലും നിയന്ത്രണം തുടർന്നു. സംസ്ഥാനത്തെ ചില ഷോപ്പിങ് മാളുകളും തുറന്നു. കർശനമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഇവ തുറന്നത്. തെർമൽ സ്കാനർ ഉപയോഗിച്ച് പരിേശാധനക്ക് വിധേയമാക്കിയാണ് പ്രവേശനം നൽകിയത്. സാമൂഹിക അകലവും കൃത്യമായി പാലിക്കപ്പെട്ടു.
ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയായെങ്കിലും ഉപഭോക്താക്കൾ കുറവായിരുന്നു. ദൂരപരിധി ഉൾപ്പെടെ നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ പകുതിയോളം ഹോട്ടലുകളും റസ്റ്റാറൻറുകളും മാത്രമാണ് തുറന്നത്. ഒരു ടേബിളില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി.
ചായയോ കുടിവെള്ളമോ നല്‍കില്ല. പകരം കുപ്പിവെള്ളം വാങ്ങാം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ബഹുഭൂരിപക്ഷം ഹോട്ടലുകൾക്കും ഇൗ സംവിധാനം പാലിക്കാനാകില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. പതിവുപോലെ പാഴ്സൽ സര്‍വിസ് മിക്ക ഹോട്ടലുകളും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.