വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഗ്രേസ് മാർക്ക് വിതരണത്തിലെ അസമത്വം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നാഷനൽ സർവിസ് സ്കീം വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച 'മഹിതം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡയറക്ടറേറ്റുതല അവാർഡ് സമർപ്പണവും എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു. എൻ.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 2021-22 വർഷത്തിൽ സംസ്ഥാനതലത്തിൽ മികച്ച യൂനിറ്റുകളായി മലപ്പുറം ബി.പി അങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗേൾസും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേൾസും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംസ്ഥാനതല പ്രോഗ്രാം ഓഫിസർമാർ ബി.പി അങ്ങാടി സ്കൂളിലെ കെ. സില്ലിയത്തും നടക്കാവ് സ്കൂളിലെ എം.കെ. സൗഭാഗ്യ ലക്ഷ്മിയുമാണ്. സംസ്ഥാനതല വളണ്ടിയർമാരായി കോഴിക്കോട് ബാലുശ്ശേരി ഗവ. വി.എച്ച്.എസ്.എസിലെ വേദ വി.എസും ഇടുക്കി തട്ടക്കുഴ വി.എച്ച്.എസ്.എസിലെ നിയാസ് നൗഫലും തെരഞ്ഞെടുക്കപ്പെട്ടു. അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫിസർ ഡോ. അൻസർ ആർ.എൻ, റീജനൽ ഡയറക്ടർ ശ്രീധർ ഗുരു, ഡോ. സണ്ണി എൻ.എം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.