ജൂലൈ/ ആഗസ്റ്റിലെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പുനഃസ്ഥാപിക്കാൻ സമ്മർദം
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ മാർച്ചിൽ പ്ലസ് ടു പരീക്ഷക്കൊപ്പം നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും ജൂലൈ/ ആഗസ്റ്റിൽ നടത്തിയിരുന്ന പഴയ രീതി പുനഃസ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു.
വ്യാഴാഴ്ച പ്ലസ് വൺ പരീക്ഷഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണിത്. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ അധ്യയന വർഷത്തിനിടെ നടത്തുന്നത് നിർത്തലാക്കാനും മാർച്ചിൽ പ്ലസ് വൺ റെഗുലർ പരീക്ഷക്കൊപ്പം അവസരം നൽകാനും തീരുമാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് ആഴ്ചകൾക്ക് മുമ്പാണ്.
സാധാരണ ജൂൺ/ ജൂലൈയിൽ പ്ലസ് വൺ ഫലം പ്രസിദ്ധീകരിച്ചാൽ ജൂലൈ/ ആഗസ്റ്റിൽ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നതാണ് രീതി. ഇംപ്രൂവ്മെന്റ് പരീക്ഷക്കായി പ്ലസ് ടു അധ്യയനം നിർത്തിവെക്കുന്നതും അധ്യാപകർ ഇതിന്റെ ജോലിയിൽ വ്യാപൃതരാകേണ്ടിവരുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു മാർച്ചിലേക്ക് മാറ്റിയുള്ള ഉത്തരവ്. എന്നാൽ, ഇതിന് പിന്നാലെ പ്ലസ് വൺ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ശരാശരി നിലവാരത്തിലുള്ള കുട്ടികൾപോലും ചുരുങ്ങിയ മാർക്കിലാണ് ജയിച്ചത്. ഇതോടെയാണ് ജൂലൈ/ ആഗസ്റ്റിലെ ഇംപ്രൂവ്മെന്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.
പ്ലസ് വൺ പരീക്ഷ കഴിഞ്ഞാണ് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിലേക്ക് മാറ്റിയുള്ള ഉത്തരവിറക്കിയതെന്നും ഇത് കുട്ടികൾക്ക് മുൻകൂട്ടി അറിയാനായില്ലെന്നും ആക്ഷേപമുണ്ട്. മാർച്ചിൽ പ്ലസ് ടു പരീക്ഷക്കൊപ്പം പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതേണ്ടിവരുന്നത് വിദ്യാർഥികളിൽ അമിതഭാരം അടിച്ചേൽപിക്കുന്നതിന് തുല്യമാണെന്ന് അധ്യാപക സംഘടനകളും പറയുന്നു. അതേസമയം, നേരത്തേ വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിൽ വിഷയം ചർച്ചചെയ്തപ്പോൾ കാര്യമായ എതിരഭിപ്രായം ഉയരാതിരുന്നതോടെയാണ് സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
പരിശോധിക്കും -മന്ത്രി
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി അധ്യയന ദിനങ്ങൾ കൂട്ടത്തോടെ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഒന്നാംവർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ/ ആഗസ്റ്റിൽനിന്ന് മാർച്ചിലേക്ക് മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികൾക്ക് സമയനഷ്ടം ഒഴിവാക്കാനാണ് മാറ്റം. 15 അധ്യയന ദിവസംവരെ നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. പരീക്ഷകൾ കുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അധ്യാപക സംഘടനകളുടെ യോഗത്തിലും പരീക്ഷ മാർച്ചിലേക്ക് മാറ്റുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയപ്പോൾ കാര്യങ്ങൾ വ്യക്തമാക്കിയതാണ്. പ്ലസ് വൺ പരീക്ഷഫലം വന്നശേഷം ജൂലൈ/ ആഗസ്റ്റിൽ പരീക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇതുസംബന്ധിച്ച് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്ലസ് ടു പരീക്ഷയെ ബാധിക്കാത്ത രീതിയിൽ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിൾ ക്രമീകരിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.