Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി.ആർ 36.87,...

ടി.പി.ആർ 36.87, പ്രതിദിന പൊസിറ്റീവ് 3204; എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

text_fields
bookmark_border
ടി.പി.ആർ 36.87, പ്രതിദിന പൊസിറ്റീവ് 3204; എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു
cancel

കൊച്ചി: എറണാകുളം ജില്ലയിൽ രോഗ സ്ഥിരീകരണ നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്ന് യോഗം വിലയിരുത്തി. ടി.പി.ആർ 30ന് മുകളിൽ തുടരുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. കോവിഡ് പ്രതിരോധത്തിൽ അലംഭാവവും ക്വാറന്റീനിലെ വിട്ടുവീഴ്ച്ചയും ഒരുതരത്തിലും പാടില്ലെന്ന് യോഗം അഭ്യർഥിച്ചു.

ജനുവരി ഒന്നിന് ജില്ലയിൽ പ്രതിദിനം 400 പൊസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. അഞ്ചാം തീയതി കേസുകൾ ആയിരവും 12ന് രണ്ടായിരത്തി ഇരുന്നൂറും പിന്നിട്ടു. ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തത് 3204 കേസുകൾ. ജനുവരി ഒന്നിന് 5.38 ആയിരുന്ന ടി.പി.ആറാണ് ജനുവരി 16ന് 36.87ലെത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടി.പി.ആർ 33.59. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞവരുടെ എണ്ണം രണ്ടാഴ്ചക്കുള്ളിൽ 3600ൽ നിന്നും 17656ലേക്ക് ഉയർന്നു.

പനിയുള്ളവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും

ശ്വസനപ്രശ്നങ്ങളും പനിയുമായെത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. വാക്സിനേഷൻ വേഗത്തിലാക്കും. രണ്ടാം തരംഗ വേളയിലേതിന് സമാനമായി ചികിത്സാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കും. സർവസജ്ജമായ കോവിഡ് കൺട്രോൾ റൂം തിങ്കളാഴ്ച്ച പ്രവർത്തനം തുടങ്ങും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായവരെ ഉടനെ രംഗത്തിറക്കും.

സർക്കാർ ഓഫിസുകളും പ്രഫഷനൽ കോളജുകളുമടക്കം 11 സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം രോഗികളായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ തവണയിലെ പോലെ വർധനയില്ല. നിലവിൽ ഐ.സി.യു അടക്കം കിടക്കകളുടെ ലഭ്യതയിൽ പ്രശ്നമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ 2903 കോവിഡ് കിടക്കകളുള്ളതിൽ 630 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സർക്കാർ ആശുപത്രികളിലെ 524 കോവിഡ് കിടക്കകളിൽ 214 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡൊമിസിലിയറി കെയർ സെന്ററുകൾ തുറക്കും

ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽ കണ്ട് പ്രാദേശികാടിസ്ഥാനത്തിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കണമെന്ന് യോഗം നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. അമ്പലമുകളിൽ ഓക്സിജൻ കിടക്കകളോട് കൂടിയ കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനവും ശക്തിപ്പെടുത്തും. കൂടുതൽ ആംബുലൻസുകളുടെ സേവനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.

ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂർ, കോതമംഗലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കണം. മൊബൈൽ ടെസ്റ്റിങ് യൂനിറ്റ്, ടെലിമെഡിസിൻ, ഹെൽപ് ഡെസ്ക് എന്നിവയുടെ പ്രവർത്തനവും ശാക്തീകരിക്കും. താലൂക്ക് ആശുപത്രികളിൽ ട്രയാജ് സംവിധാനത്തോടെ കോവിഡ് ഔട്ട്പേഷ്യന്‍റ് വിഭാഗം ആരംഭിക്കും. കോവിഡ് പോസിറ്റീവ് ആയ ലക്ഷണങ്ങളില്ലാത്ത രോഗികൾ ഹോം ക്വാറന്റീൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

കൂടുതൽ രോഗലക്ഷണങ്ങൾ ഉള്ളവരെ അമ്പലമുകൾ കോവിഡ് കെയർ സെന്ററിലും ആവശ്യം വന്നാൽ ആശുപത്രികളിലേക്കും മാറ്റും. ജില്ലയിലെ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു. വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതുപരിപാടികൾ ഒഴിവാക്കി ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും യോഗം അഭ്യർഥിച്ചു. യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവും വൈകിട്ട് പുറത്തിറക്കി. ഇതു പ്രകാരം ജില്ലയിൽ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക പൊതുപരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദനീയമല്ല.

നേരത്തെ നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവയ്ക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് ചട്ടങ്ങൾ പാലിച്ച് നടത്തേണ്ടതാണ്. സർക്കാർ യോഗങ്ങളും പരിപാടികളും ഓൺലൈനായി നടത്തണം. ഷോപ്പിംഗ് മാളുകളിൽ ജനത്തിരക്ക് അനുവദിക്കില്ല. നിരീക്ഷണത്തിനായി പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ജില്ല കളക്ടറുടെ ചുമതല വഹിക്കുന്ന അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, മേയർ എം. അനിൽ കുമാർ, സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു, ജില്ല മെഡിക്കൽ ഓഫിസർ വി. ജയശ്രീ, ജില്ല സർവൈലൻസ് ഓഫിസർ ഡോ. എസ്. ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam districtRestriction​Covid 19
News Summary - Restrictions are being tightened in Ernakulam district
Next Story