ജുമുഅ പ്രഭാഷണങ്ങള്‍ക്ക് നിയന്ത്രണം: വിവാദ നോട്ടീസ് നൽകിയ എസ്.എച്ച്.ഒയെ ചുമതലയിൽ നിന്ന് നീക്കി
text_fieldsതിരുവനന്തപുരം: മുസ്ലിം പള്ളികളിലെ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട കണ്ണൂർ പൊലീസ് നോട്ടീസ് നൽകിയ സംഭവത്തിൽ വകുപ്പുതല നടപടി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ ചുമതലയിൽ നിന്ന് മാറ്റി ഡി.ജി.പി ഉത്തരവിറക്കി.
ജുമുഅ മസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നടപടി. പൊലീസ് നൽകിയ നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. സർക്കാർ നയം മനസിലാക്കാതെ തെറ്റായ നോട്ടീസാണ് എസ്.എച്ച്.ഒ നൽകിയത്.
രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മതസ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമുഅ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽപെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്താകുറിപ്പിൽ അഭ്യർഥിച്ചു.
പ്രവാചകനിന്ദയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ മയ്യിൽ പൊലീസാണ് പ്രദേശത്തെ പള്ളികള്‍ക്ക് നോട്ടീസ് നല്‍കിയത്. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്.
പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോട് അനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാർദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്.
ജില്ലയിൽ മറ്റെവിടെയും ഇതുവരെ ഇത്തരം പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, ഇത്തരമൊരു നിർദേശം പൊലീസിന് നൽകിയിട്ടില്ലെന്നാണ് ജില്ല പൊലീസ് അധികാരികൾ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി. മതപരമായി, വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പള്ളികളിലെ പ്രഭാഷണങ്ങളില്‍ ഉൾപ്പെടുത്താറുള്ളത്.
മതസൗഹാർദം തകര്‍ക്കുന്ന പ്രഭാഷണങ്ങള്‍ കേരളത്തിലെ ഒരു പള്ളിയിലും നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പള്ളികളിലെ പ്രഭാഷണങ്ങള്‍ മാത്രം നിയന്ത്രിക്കാനുള്ള പൊലീസിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.