സഹകരണ ബാങ്കുകൾ പുതിയ ശാഖകളാരംഭിക്കുന്നതിന് നിയന്ത്രണം
text_fieldsകോഴിക്കോട്: സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ തോന്നിയപോലെ ശാഖകളാരംഭിക്കുന്നത് വിലക്കി സഹകരണ വകുപ്പ്. ബാങ്കിന്റെ സാമ്പത്തിക ഭദ്രത, വായ്പ കുടിശ്ശിക, പുതിയ വായ്പകളുടെ സാധ്യത എന്നിവ സർവേ നടത്തി പഠിച്ചശേഷം മാത്രമെ പുതിയ ശാഖകൾ ആരംഭിക്കാവൂ എന്നാണ് സഹകരണസംഘം രജിസ്ട്രാറുടെ നിർദേശം.
നഷ്ടത്തിലുള്ള പല സഹകരണ ബാങ്കുകളും ലാഭത്തിലാക്കാൻ, മുന്നൊരുക്കമില്ലാതെയും സാധ്യത പരിശോധിക്കാതെയും പുതിയ ശാഖകൾ ആരംഭിക്കുന്നത് കൂടുതൽ കടക്കെണിയുണ്ടാക്കുന്നു എന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മാത്രമല്ല പുതിയ ശാഖകൾ മറ്റു സഹകരണ ബാങ്കുകളുടെ പ്രവർത്തന പരിധിയിൽ തുടങ്ങുന്നത് തർക്കങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കും ഇടയാക്കുകയും ചെയ്യുന്നു. ഇതോടെ നിബന്ധനകൾക്ക് വിധേയമായി മാത്രം പുതിയ ശാഖകൾ ആരംഭിച്ചാൽ മതിയെന്നാണ് നിഷ്‍കർഷിച്ചത്.
അവസാന മൂന്നുവർഷം ലാഭത്തിൽ പ്രവർത്തിക്കുകയും ഇക്കാലയളവിലെ കുടിശ്ശിക 25 ശതമാനത്തിൽ കൂടാത്തതുമായ ബാങ്കുകൾക്ക് മാത്രമെ പുതിയ ശാഖകൾ ആരംഭിക്കാനാവൂ. ജില്ല ജോ. രജിസ്ട്രാർ (ജനറൽ), ജോ. രജിസ്ട്രാർ (ഓഡിറ്റ്), സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് റീജനൽ മാനേജർ എന്നിവർ സംയുക്തമായി പുതിയ ശാഖ, സബ് ഓഫിസ്, എക്സ്റ്റൻഷൻ സെന്റർ എന്നിവ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്ത് സർവേ നടത്തി വിജയസാധ്യത ഉറപ്പാക്കണം.
പ്രദേശത്ത് നിലവിൽ ബാങ്ക് പ്രവർത്തിക്കുന്ന രീതി, കാർഷിക വായ്പ വിതരണം, കൂടുതൽ വായ്പ വിതരണം ചെയ്യാനുള്ള സാധ്യത, കെട്ടിട ലഭ്യത, സുരക്ഷിതത്വം, ജീവനക്കാരുടെ വിന്യാസം, നിക്ഷേപം ലഭിക്കാനുള്ള സാധ്യത എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുള്ള സർവേ റിപ്പോർട്ട് പരിശോധിച്ചാണ് അനുമതി നൽകുക. പുതിയ ശാഖ ആരംഭിക്കുന്ന സ്ഥലം ബാങ്കിന്റെ പ്രവർത്തന പരിധിയിലാവുകയും നിലവിലെ ജീവനക്കാരെ വിന്യസിച്ച് പ്രവർത്തിപ്പിക്കാനുമാവണം. പുതിയ ശാഖയുടെ ആദ്യ വർഷത്തെ പ്രവർത്തനം തൃപ്തികരവും ലാഭകരവുമാണെങ്കിൽ മാത്രമെ തുടർ പ്രവർത്തനത്തിന് അനുമതി നൽകൂ എന്നും സഹകരണ സംഘം രജിസ്ട്രാർ ബാങ്കുകളെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.