കാര്യവട്ടം കാമ്പസിൽ സംഘടന പ്രവർത്തനത്തിന് നിയന്ത്രണത്തിന് നീക്കം
text_fieldsതിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറി വിവാദത്തിന് പിന്നാലെ വിദ്യാർഥികൾ കൂട്ടംകൂടുന്നതിനുൾപ്പെടെ വിലക്കേർപ്പെടുത്താൻ നീക്കം. സംഘർഷത്തെ തുടർന്ന് വൈസ് ചാൻസലർ നിയോഗിച്ച അധ്യാപക സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ അധികൃതർ ആലോചിക്കുന്നത്. സർവകാലാശാല കാമ്പസ് ഡയറക്ടർ ഡോ. ജോസ് കുട്ടി, വകുപ്പ് മേധാവികളായ ഡോ. എ. ബിജുകുമാർ, ഡോ. എസ്. മിനി എന്നിവരടങ്ങുന്ന സമിതി കാമ്പസിൽ ഇടിമുറിയില്ലെന്നതുൾപ്പെടെയുള്ള നിരീക്ഷണങ്ങളടങ്ങിയ റിപ്പോർട്ട് ശനിയാഴ്ച വി.സിക്ക് സമർപ്പിച്ചിരുന്നു.
പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനായി രണ്ട് സംഘടനകളും മത്സരിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷമുണ്ടായ ദിവസം എസ്.എഫ്.ഐയുടെയും കെ.എസ്.യുവിന്റെയും നിരവധി പ്രവർത്തകർ കാമ്പസിലുണ്ടായിരുന്നു. ഇതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സമിതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിൽ കാമ്പസിൽ സംഘടന പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന. പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്നാഹവും വലിയ കൂട്ടംകൂടലുകളും തടയുകയും കാമ്പസിലുടനീളം സി.സി.ടി.വി സ്ഥാപിക്കാനുമാണ് തീരുമാനം. പുതിയ വിദ്യാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശം തയാറാക്കിയ ശേഷം സംഘടന പ്രതിനിധികളുമായി ചർച്ച നടത്തും. വിദ്യാര്‍ഥി സംഘടനകളോട് മിതത്വം പാലിക്കാന്‍ നിര്‍ദേശിക്കും. വിശാല കാമ്പസായതിനാൽ ഒറ്റപ്പെട്ട ഇടങ്ങളിലുള്ള ഹോസ്റ്റലുകളും പഠന വകുപ്പുകളും നിരീക്ഷണ വിധേയമാക്കാനാണ് കാമ്പസിൽ മുഴുവനും സി.സി.ടി.വി സ്ഥാപിക്കുന്നത്. ഇതിനായി രണ്ടുകോടി രൂപ അനുവദിക്കും.
കെ.എസ്.യു പ്രവർത്തകനായ രണ്ടാം സെമസ്റ്റർ വിദ്യാർഥി സാൻ ജോസിനെ ഹോസ്റ്റലിൽ കൊണ്ടുപോയി മർദിച്ചു എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസമിതി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.