ആരാധനാലയങ്ങൾക്ക് നിയന്ത്രണം നീങ്ങിയില്ല പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ
text_fieldsആരാധനാലയങ്ങൾ തുറക്കാത്തത് ദൗർഭാഗ്യകരമാണെന്ന് -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
ലോക്ഡൗണിൽ പല കാര്യങ്ങൾക്കും ഇളവ് നൽകിയിട്ടും ആരാധനാലയങ്ങൾ തുറക്കാത്തത് ദൗർഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയും വിവിധ മുസ്ലിം സംഘടന നേതാളും കൂട്ടമായി ആവശ്യം ഉന്നയിച്ചിട്ടും അവഗണിച്ചത് ഖേദകരമാണ്. സർക്കാർ എത്രയും വേഗം വിഷയത്തിെൻറ ഗൗരവം മനസ്സിലാക്കി ഇടപെടണം
മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്ന്- എം.ഐ. അബ്ദുൽ അസീസ്
ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ആരാധനാലയങ്ങൾക്ക് ബാധകമാക്കാതിരുന്നത് വിവേചനവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ഒരു വർഷമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആരാധനാലയങ്ങൾ പ്രവർത്തിച്ചത്. ഇതേരീതിയിൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് മുഖ്യമന്ത്രിയോട് സംഘടനകൾ ആവശ്യപ്പെട്ടിട്ടും അവഗണിച്ചത് ശരിയായില്ല. സർക്കാർ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷ.
ഇളവുകൾ ആരാധനാലയങ്ങൾക്കും അനുവദിക്കണം-ഡോ. അബ്ദുൽ ഹക്കീം അസ്ഹരി
ഇൻഡോർ പരിപാടികളൊന്നും അനുവദിക്കാത്ത സാഹചര്യത്തിലാകാം ആരാധനാലയങ്ങൾക്കും നിയന്ത്രണം തുടരുന്നതെന്നും ഇളവുകൾ നൽകുന്ന മുറക്ക് ആരാധനാലയങ്ങൾക്കും അനുവദിക്കണമെന്നും എസ്.വൈ.എസ് ജന. സെക്രട്ടറി ഡോ. അബ്ദുൽ ഹക്കീം അസ്ഹരി. ഈ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അതേസമയം, ആരാധന വിഷയത്തെ രാഷ്ട്രീയ വിഷയമാക്കരുതെന്നും അഭിപ്രായപ്പെട്ടു.
ആരാധനാലയങ്ങൾ തുറക്കാത്തത് ഖേദകരമാണെന്ന്-ഡോ. ഹുസൈൻ മടവൂർ
പല കാര്യങ്ങൾക്കും ഇളവ് നൽകിയിട്ടും ആരാധനാലയങ്ങൾ തുറക്കാത്തത് ഖേദകരമാണെന്ന് കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ. വിവിധ മുസ്ലിം സംഘടന നേതാക്കൾ കൂട്ടായി ആവശ്യം ഉന്നയിച്ചിട്ടും അവഗണിച്ചത് പ്രതിഷേധാർഹമാണ്. ഇതു സംഘടനകളോടുള്ള അവഹേളനമാണ്. വിഷയത്തിെൻറ ഗൗരവം മനസ്സിലാക്കി സർക്കാർ ഇടപെടണം.
മുഖ്യമന്ത്രി ആരാധന സ്വാതന്ത്ര്യം നിഷേധിക്കാൻ ശ്രമിക്കുകയാണെന്ന്-ടി. അബ്ദുറഹ്മാൻ ബാഖവി
ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും ലോക്ഡൗൺ മറവിൽ മുഖ്യമന്ത്രി ആരാധന സ്വാതന്ത്ര്യം നിഷേധിക്കാൻ ശ്രമിക്കുകയാണെന്നും ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രസിഡൻറ് ടി. അബ്ദുറഹ്മാൻ ബാഖവി പറഞ്ഞു.
ഇളവ് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന്-വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
ഇളവ് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അറിയിച്ചു. ജന. സെക്രട്ടറി ടി.കെ. അഷ്റഫ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് കെ.എം. മുഹമ്മദ് അബുൽ ബുഷ്റ മൗലവി, ജംഇയ്യതുൽ ഉലമാ ഹിന്ദ് കേരള ജന. സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി എന്നിവരും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു.
ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന്- കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ്
നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജുമുഅക്ക് 40 പേരെയെങ്കിലും പങ്കെടുപ്പിക്കാൻ അനുവദിക്കണം. പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷതവഹിച്ചു.
പ്രതിഷേധാർഹമാണെന്ന് -കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ
ആരാധനായങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും കെ.എൻ.എം മർക്കസുദ്ദഅവ ജന സെക്രട്ടറി സി.പി ഉമ്മർ സുല്ലമിയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.