പഴുതുകൾ ദുരുപയോഗിക്കുന്നു; തദ്ദേശസ്ഥാപന ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് നിയന്ത്രണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വായ്പയെടുത്തും അല്ലാതെയും ഷോപ്പിങ് കോംപ്ലക്സുകൾ നിർമിക്കുന്നതിന് സർക്കാർ നിയന്ത്രണം. വാണിജ്യ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ പണിയുന്ന ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികളും സ്പേസും വാടകക്ക് നൽകാൻ കഴിയാതെവരുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക ബാധ്യതയാകുന്നു. അത് മനസ്സിലാക്കിയാണ് ഹഡ്കോ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും അല്ലാതെയും പണിയുന്ന ഷോപ്പിങ് സെന്ററുകൾക്ക് അനുമതി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.
ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുമ്പോൾ വാണിജ്യ സാധ്യത, വാടകക്ക് പോകാനുള്ള സാധ്യത എന്നിവയടക്കമുള്ള പദ്ധതിരേഖ അംഗീകൃത സ്ഥാപനങ്ങൾ വഴി പരിശോധിച്ച ശേഷമാകും ഇനി ആവശ്യമെങ്കിൽ സർക്കാർ അനുമതി നൽകുക.
തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ച വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിലും കടമുറികൾ വാടകക്ക് നൽകുന്നതിലും ചട്ടവിരുദ്ധ ഇടപെടലുകൾ നടക്കുന്നതായി പരാതി ഉയർന്നിരുന്നു. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമാണ് ക്രമക്കേടുകൾ ഏറെ.
നിർമിച്ചശേഷം വാടകക്ക് നൽകാൻ ആളെ കിട്ടാത്തതിനുപുറമേ, വാടക കൃത്യസമയത്ത് പുതുക്കാത്തതിലെ രാഷ്ട്രീയ ഇടപെടലുകളും തദ്ദേശ സ്ഥാപനങ്ങളുടെ തനതുവരുമാനം ചോർത്തുന്നു.
വാടകനിരക്ക് കുറച്ചുവെക്കുന്നതിലൂടെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന് വാടകക്കാരിൽനിന്ന് സാമ്പത്തിക നേട്ടമുള്ളതായി പരാതികളുണ്ട്. കടമുറികൾ ഒഴിയുമ്പോൾ ടെൻഡർ വഴി പുതിയ വ്യക്തിക്ക് നൽകുകയാണ് വേണ്ടതെങ്കിലും ഇത് അട്ടിമറിക്കാൻ മുനിസിപ്പാലിറ്റി നിയമത്തിലെ പഴുതുകളും ഉപയോഗിക്കുന്നു. വാടകക്കെടുത്ത വ്യക്തി മരിച്ചാൽ അനന്തരാവകാശികൾ ഏറ്റെടുക്കുന്ന കടമുറികൾ കൈമാറ്റം നടത്തുന്നതും വ്യാപകമാണ്. നിയമവിരുദ്ധ നടപടികൾ വ്യാപകമായതോടെയാണ് ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമാണത്തിൽ കർശനനിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.