ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണം; വ്ലോഗർമാരെ അനുവദിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണവുമായി ഹൈകോടതി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം. വിവാഹ ചിത്രീകരണത്തിനും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വിഡിയോ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടില്ല.
ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.പി.വേണുഗോപാൽ, ബബിത മോൾ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. നടപന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വിഡിയോഗ്രാഫിയും അനുവദിക്കരുത്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപത്തു കൂടി ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും തടഞ്ഞു. ഭക്തരെ തടസപ്പെടുത്തുന്ന നടപടികൾ ഇല്ലാതിരിക്കാനുള്ള മുൻകരുതൽ ക്ഷേത്രം മാനേജിങ് കമ്മിറ്റി കൈക്കൊള്ളണം. ഇതിനായി ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടണമെന്നും ക്ഷേത്രത്തിലെ മതപാരമ്പര്യങ്ങൾ ലംഘിക്കപ്പെടരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ചിത്രകാരി നിയമവിരുദ്ധമായ രീതിയിൽ നടപ്പന്തലിൽ പ്രവേശിക്കുകയും അവിടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ഹരജിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.