സംസ്ഥാനത്ത് റീസര്‍വേ പൂര്‍ത്തിയാക്കും -മന്ത്രി കെ. രാജന്
text_fieldsതൃശൂര്‍: അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂര്‍ത്തിയാവാത്ത റീസര്‍വേ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. ഡിജിറ്റലൈസ്ഡ് റീസര്‍വേ സംവിധാനത്തെക്കുറിച്ച് ഇടതുമുന്നണി പ്രകടന പത്രികയിൽ പറയുന്നുണ്ട്. അത് നടപ്പാക്കാന്‍ ഈ ഭരണകാലയളവില്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ് ആദ്യമായി തൃശൂരിലെത്തിയ രാജൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാറിെൻറ പ്രധാന ലക്ഷ്യം. അത് നടപ്പാക്കാന്‍ ശ്രമിക്കും. എല്ലാവര്ക്കും ഭൂമി എന്ന സങ്കല്പം പൂര്‍ത്തിയാക്കാന്‍ പ്രധാന പങ്ക് വഹിക്കേണ്ടത് റവന്യൂ വകുപ്പാണ്. കേരളത്തിലെ ജനങ്ങള്‍ നേരിട്ട് ഇടപഴകുന്ന വില്ലേജ് ഓഫിസുകളെ സ്മാർട്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അറിയിച്ചു.
സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസില്‍ നല്കിയ സ്വീകരണത്തില്‍ അസി. സെക്രട്ടറി ടി.ആർ. രമേഷ് കുമാര്‍, നിയുക്ത എം.എൽ.എ പി. ബാലചന്ദ്രന്, മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ്, കൗണ്‍സിലര്‍മാരായ സാറമ്മ റോബസണ്, ഐ. സതീഷ് കുമാര്‍, ബീന മുരളി എന്നിവര്‍ പങ്കെടുത്തു.
മേയര്‍ എം.കെ. വര്‍ഗീസിെൻറ നേതൃത്വത്തില്‍ കോര്‍പറേഷനില്‍ മന്ത്രിക്ക് സ്വീകരണം നല്കി. വര്‍ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്, ബീന മുരളി എന്നിവര്‍ പങ്കെടുത്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസും മാടക്കത്തറ, പാണഞ്ചേരി, പുത്തൂര്‍, നടത്തറ ഗ്രാമപഞ്ചായത്ത് ഓഫിസുകളും മന്ത്രി സന്ദര്‍ശിച്ചു. മണ്ണുത്തിയിലെ ക്യാമ്പ് ഓഫിസ്, സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസ്, സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റി ഓഫിസ്, ഒല്ലൂര്‍ ഏരിയ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.