എൽ.ബി.എസിൽ വിരമിക്കല്‍ പ്രായം 60
text_fieldsതിരുവനന്തപുരം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 60 വയസ്സായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. മത്സ്യഫെഡ് ജീവനക്കാര്‍ക്ക് 2019 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തില്‍ ശമ്പള പരിഷ്കരണം അനുവദിക്കും. കെ.എസ്.ഐ.ഡി.സിയിലെ സ്ഥിരം ജീവനക്കാർക്കും 2019 ജൂലൈ ഒന്ന് മുതൽ പരിഷ്കരണം നടപ്പാക്കും. കേരള ഫീഡ്സ് ലിമിറ്റഡ് കമ്പനിയിലെ മാനേജീരിയല്‍ ആൻഡ് സൂപ്പര്‍വൈസറി തസ്തികയിലെ സര്‍ക്കാര്‍ അംഗീകൃത ജീവനക്കാര്‍ക്ക് 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ ശമ്പള പരിഷ്കരണം അനുവദിക്കും.
അനർഹ പെൻഷൻ: സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെന്ഷൻ അനര്‍ഹമായി കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ്റിയ തുക പ്രതിവർഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പിൽ നിന്ന് ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയ 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഇവരിൽ 22 പേർ സസ്പെൻഷനിൽ തുടരുകയാണ്.
പാട്ടക്കാലാവധി വ്യവസ്ഥയിൽ മാറ്റം
തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐ.ടി പാര്‍ക്കുകളില്‍ പ്രത്യേക സാമ്പത്തിക മേഖലയല്ലാത്ത (നോൺ എസ്.ഇ.ഇസഡ്) ഭൂമിയുടെ നിലവിലുള്ള 30 വര്‍ഷമെന്ന പാട്ടക്കാലാവധി റവന്യൂ വകുപ്പ് നിഷ്കർഷിക്കുന്നത് പ്രകാരം ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ നിശ്ചയിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഹൈകോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി ചങ്ങനാശ്ശേരി, മാലൂർക്കാവ് സ്വദേശി അഡ്വ. സെബാസ്റ്റ്യന്‍ ജോസഫ് കുരിശുംമൂട്ടിലിനെ നിയമിക്കും. കായിക രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് പി.എസ്. നീനു മോളിന് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ഇന്‍ക്രിമെന്റുകള്‍ 2025 ജനുവരി ഒന്ന് പ്രാബല്യത്തില്‍ മുന്‍കൂറായി അനുവദിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.