വിരമിക്കൽ പ്രായം സ്വയം തിരുത്തൽ: ഡോക്ടർമാരെ 'തിരുത്തി' ഹോമിയോപ്പതി ഡയറക്ടറുടെ സർക്കുലർ
text_fieldsമലപ്പുറം: സർവിസ് ശമ്പള സോഫ്റ്റ്വെയറായ സ്പാർകിൽ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി കൂടാതെ തിരുത്തൽ വരുത്തരുതെന്ന് നിർദേശിച്ച് ഹോമിയോ ഡയറക്ടറുടെ സർക്കുലർ. വിരമിക്കൽ തീയതി 2022 മേയ് 31 ആയ ഹോമിയോ വകുപ്പിലെ ചില ഡോക്ടർമാർ സ്വന്തം നിലക്ക് ശമ്പള സോഫ്റ്റ്വെയറിൽ വിരമിക്കൽ പ്രായം 56ൽനിന്ന് 60 ആക്കിയത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഉത്തരവ്.
സ്വയം തിരുത്തൽ ഗുരുതര വീഴ്ചയായി കണ്ട് അതുനിർത്തിവെക്കാനാണ് ജില്ല മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകിയത്. ആയുഷ് മെഡിക്കൽ ഓഫിസർമാരുടെ പെൻഷൻ പ്രായം 60 ആക്കാനുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധി വന്നതിന് പിന്നാലെയാണ് ചില ഡോക്ടർമാർ സോഫ്റ്റ്വെയറിൽ വിരമിക്കൽ പ്രായം തിരുത്തിയത്. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സർക്കാറിന്റെ തീരുമാനമായതിനാൽ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. ട്രൈബ്യൂണൽ വിധിക്കെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ നടപടി ശരിയല്ലെന്നാണ് ആക്ഷേപം. മേയ് 11നാണ് വിരമിക്കൽ പ്രായം ഉയർത്തിയുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിവന്നത്.
ഹോമിയോപ്പതി വകുപ്പിലെ ഒഴിവുകൾ കൃത്യമായ റിപ്പോർട്ട് ചെയ്യാത്തതും നിയമനങ്ങൾ വൈകുന്നതും നിലവിൽ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നുണ്ട്. ഹോമിയോപ്പതി വകുപ്പിൽ കഴിഞ്ഞവർഷങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തിയിട്ടില്ല. ട്രൈബ്യൂണൽ വിധിയിൽ 2021 ആഗസ്റ്റ് മൂന്ന് മുതൽ വിരമിച്ചവർക്ക് മുൻകാല പ്രാബല്യം നൽകിയിട്ടുള്ളതിന്റെ പേരിൽ 2022 മേയ് 31 വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.