സജി ചെറിയാന്റെ മടക്കം; തിടുക്കം വേണ്ടെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരക്കിട്ട് കൊണ്ടുവരേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. എം.വി. ഗോവിന്ദന്റെ പ്രതികരണം ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചെന്ന വ്യാഖ്യാനമുണ്ടാക്കിയെന്നും ഇനി ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്നും ബുധനാഴ്ച ചേർന്ന അവൈലബ്ൾ സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുണ്ടായി.
ഗവർണർ വിഷയത്തിലുൾപ്പെടെ ലീഗ് കൈക്കൊണ്ട നിലപാടുകളെയാണ് എം.വി. ഗോവിന്ദൻ പരാമർശിച്ചത്. അതിനെ ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചെന്ന നിലയിൽ പ്രചാരണമുണ്ടായി. യു.ഡി.എഫിലെ പോലെ എൽ.ഡി.എഫ് ഘടക കക്ഷികൾക്കിടയിലും അത് ആശയക്കുഴപ്പമുണ്ടാക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തിന്റെ അടിസ്ഥാനം അതായിരുന്നു. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ മതേതര ബഹുജന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുണ്ടാകണമെന്നത് പാർട്ടി തീരുമാനമാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണമാണ് സംസ്ഥാന സെക്രട്ടറിയിൽ നിന്നുണ്ടായത്. ലീഗിന്റെ പുരോഗമന ചിന്തയെയാണ് സ്വാഗതം ചെയ്തത്. മുന്നണിയിലേക്ക് ക്ഷണിച്ചതല്ലെന്ന നിലപാട് വ്യക്തമാക്കാനും തീരുമാനിച്ചു.
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരാനുള്ള തീരുമാനത്തിൽ തന്നെയാണ് സി.പി.എം. എന്നാൽ, ഇക്കാര്യത്തിൽ തിരക്കിട്ട് നടപടി വേണ്ട. സജിയെ കുറ്റമുക്തനാക്കിയ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി നടപടികൾ കൂടി പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. അതിനാൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തില്ല. ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ലിൽ ഒപ്പിടാൻ ഗവർണർ തയാറായില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകും. ഗവർണറോട് ഒരു വിട്ടുവീഴ്ചയും വേണ്ട. വിഴിഞ്ഞം സമരം ഒത്തുതീർപ്പായത് സർക്കാറിന്റെ ഇച്ഛാശക്തിയുടെ ഫലമായാണ്. മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും വിഴിഞ്ഞം തുറമുഖ പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സി.പി.എം സർക്കാറിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.